‘ഓർത്താൽ സുഖമുള്ള നൊമ്പരമല്ലേ ബാല്യം’; ഹൃദയം തൊട്ടൊരു മനോഹര ഗാനം, വീഡിയോ

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ സിബി തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘സിദ്ധാർത്ഥൻ എന്ന ഞാൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ടൊവിനോ തോമസ് തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്‌തത്‌. ‘ഓർത്താൽ സുഖമുള്ള നൊമ്പരമല്ലേ…
എന്റെയും നിന്റെയും ബാല്യകാലം’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പോയ കാലത്തിന്റെ മാഞ്ചില്ലകളിൽ നിന്ന് കനികൾ വീണു നിറയുന്ന മുറ്റം പോലെ ഒരു മനസ് ഇന്നും സൂക്ഷിക്കുന്നവരോട് ഒപ്പം ചേരുകയാണ് ഈ പാട്ട്. അജോയ് ചന്ദ്രൻ എഴുതി വിശ്വജിത് ഈണമിട്ട മെലഡിഗാനത്തിന് ആരാധകർ ഏറെയാണ്. നവാഗത സംവിധായിക ആശ പ്രഭ സംവിധാനം ചെയ്യുന്ന ചിത്രമാണ് സിദ്ധാർഥൻ എന്ന ഞാൻ. യെശോദ് രാജ് മൂവീസിന്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒരു നാട്ടും പുറത്തുകാരന്റെ ജീവിത കഥ പറയുന്ന ചിത്രത്തിൽ സാധാരണക്കാരുടെ ജീവിതമാണ് പറയുന്നത്. സിദ്ധാർഥൻ എന്ന നാട്ടിൻ പുറത്തുകാരന്‍റെ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം. പുതു മുഖമായ അതുല്യ പ്രമോദാണ് ചിത്രത്തിലെ നായിക. ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, കലാഭവൻ ഹനീഫ, വിജയൻ കാരന്തൂർ , ശരത് കോവിലകം, നന്ദ കിഷോർ, വിനോദ് നിസാരി, രജീഷ്, പപ്പൻ പന്തീരങ്കാവ്, വൈശാഖ് ശോഭന കൃഷ്ണൻ, ശാരദ, രുദ്ര കൃഷ്ണൻ, അനശ്വര പി അനിൽ , മഞ്ചു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നത്. ചിത്രം മെയ് 17ന് തീയേറ്ററുകളിലെത്തും.

Read also: ‘ഉണ്ട’യുടെ പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ ഗംഭീര സ്വീകരണം..

സാധാരണക്കാരുടെ ജീവിതം പറയുന്ന ചിത്രം ഒരുക്കിയ ആശ പ്രഭ തന്റെ ഭർത്താവിന്റെ ഓർമ്മയായാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ‘മഴ നൂൽക്കനവുകൾ’, ‘മാന്ത്രിക വീണ’, ‘യു കാൻ ഡു’ എന്നീ ചിത്രങ്ങളൊരുക്കിയ നന്ദകുമാർ കാവിൽ മരിച്ചിട്ട് മൂന്ന് വർഷമാകുമ്പോഴാണ് പുതിയ ചിത്രവുമായി ഭാര്യ ആശ പ്രഭ എത്തുന്നത്. സാധാരണക്കാരുടെ ജീവിത കഥ പറയുന്ന ചിത്രവും പ്രേക്ഷക ഹൃദയം കീഴടക്കുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമാലോകം.