‘അവാർഡുകൾ വിശപ്പ് അകറ്റാറില്ലല്ലോ’; ഗോമതിക്ക് സഹായ ഹസ്‌തവുമായി മക്കൾ സെൽവൻ

May 1, 2019

ദാരിദ്രവും കഷ്‌ടപ്പാടുകളും നിറഞ്ഞ ജീവിതത്തെ ഓടി തോൽപ്പിച്ച ഗോമതി മാരിമുത്തു എന്ന പെൺകുട്ടിയുടെ ജീവിത കഥ കേട്ടറിഞ്ഞവർക്കാർക്കും മറക്കാനാവില്ല ആ പെൺകുട്ടിയെ. അവാർഡുകൾ വിശപ്പ് അകറ്റാറില്ല എന്ന യാഥാർഥ്യം വീണ്ടും നാടിനെ ഓർമ്മപെടുത്തുമ്പോൾ ഗോമതി എന്ന പെൺകുട്ടിയ്ക്ക് സഹായ ഹസ്തവുമായി എത്തുകയാണ് മക്കൾ സെൽവൻ വിജയ് സേതുപതി.. ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ സ്വർണ്ണം നേടിയ ഗോമതി മാരിമുത്തു എന്ന പെൺകുട്ടിയെ അഭിനന്ദിച്ച് നിരവധി ആളുകൾ എത്തിയിരുന്നു. എന്നാൽ ജീവിതത്തിലെ കഷ്‌ടപാടുകളിൽ നിന്നും ഓടി വിജയം നേടിയ ഈ അവാർഡുകാരി ലോകത്തോട് വിളിച്ചുപറഞ്ഞത് കഷ്ടപ്പാടിന്റെ കഥകളായിരുന്നു..

ഗോമതിയുടെ ജീവിതകഥ കേട്ടറിഞ്ഞ് വിജയ് സേതുപതി അഞ്ചു ലക്ഷം രൂപയാണ് സമ്മാനിച്ചത്. സിനിമ തിരക്കുകൾക്കിടയിലായതിനാൽ ഫാൻസ്‌ അസോസിയേഷൻ വഴിയാണ് താരം ക്യാഷ് കൈമാറിയത്. ഡി എം കെ നേതാവ് എം കെ സ്റ്റാലിനും ഗോമതിയുടെ കഥ കേട്ടറിഞ്ഞ് പത്ത് ലക്ഷം രൂപ കൈമാറിയിരുന്നു.

Read also: തൊഴിൽ എന്തുമാകട്ടെ.., തൊഴിലാളി ബംഗാളിയോ, മലയാളിയോ, ആരുമാകട്ടെ…അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടവ തന്നെ…

ഏഷ്യൻ അത്‌ലറ്റിക്‌സിൽ സ്വർണ്ണം നേടിയ താരത്തിന് തന്റെ നേട്ടങ്ങളെ കുറിച്ചായിരുന്നില്ല പറയാൻ ഉണ്ടായിരുന്നത്.. താൻ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചായിരുന്നു..തമിഴ്നാട് തിരുച്ചി ഗ്രാമത്തിലാണ് ഗോമതിയുടെ  വീട്, അഞ്ച് അംഗങ്ങളുള്ള കുടുംബത്തിലെ കരുത്ത് അച്ഛനായിരുന്നു..എന്നാൽ ഒരു അപകടത്തെത്തുടർന്ന്  അച്ഛന് നടക്കാൻ സാധിക്കാതെയായി. അതോടെ ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന ആശ്വാസത്തിനും കുരുക്ക് വീണു. രാവിലെ നാലുമണിക്ക് ഉണർന്ന് പരിശീലനത്തിന് പോകുമ്പോൾ അച്ഛന്റെ സ്‌കൂട്ടറിലാണ് ബസ് സ്റ്റോപ്പ് വരെ കൊണ്ടെത്തിക്കുന്നത്. എന്നാൽ അച്ഛന് അപകടം സംഭവിച്ചതോടെ പരിശീലനത്തിന് പോകുന്നതും പ്രതിസന്ധിയിലായി. പലപ്പോഴും വീട്ടിൽ ഒന്നും കഴിക്കാൻ ഉണ്ടായിരുന്നില്ല. പ്രാക്ടീസ് ചെയ്യുന്നതിനാൽ തനിക്ക് കഴിക്കാൻ പോഷകാഹാരം ആവശ്യമായിരുന്നു. എന്നാൽ വീട്ടിലെ ദാരിദ്രത്തിനിടയിൽ അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. അച്ഛൻ പലപ്പോഴും തനിക്ക് വേണ്ടി പട്ടിണി കിടന്നതും ഓർമ്മയിൽ ഉണ്ട്. ഉള്ള ഭക്ഷണം ഞങ്ങൾക്ക് തന്നിട്ട് അദ്ദേഹം പലപ്പോഴും കന്നുകാലികൾക്ക് കൊടുക്കാൻ വെച്ച തവിട് കഴിച്ചായിരുന്നു വിശപ്പ് ശമിപ്പിച്ചിരുന്നത്. തന്റെ ദൈവം അച്ഛൻ ആണെന്നും ഗോമതി കൂട്ടിച്ചേർത്തു. വേദിയിലെ മുഴുവൻ കണ്ണുകളിലും ഈറൻ നനച്ച് ഗോമതി പറഞ്ഞു നിർത്തി…