ഇത് ചന്തുവും പഴശ്ശിരാജയുമല്ല, മറ്റൊരു ചരിത്രപുരുഷൻ; മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് അണിയറപ്രവർത്തകർ

വടക്കൻ വീരഗാഥയിലെ ചന്തുവിനേയും  പഴശ്ശിരാജയെയും അനശ്വരമാക്കിയ മമ്മൂട്ടി മറ്റൊരു ചരിത്ര പുരുഷനായി സ്‌ക്രീനിലെത്തുമ്പോൾ ആരാധകരുടെ ആവേശം വാനോളമാണ്. മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. എം പത്മകുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ വിശേഷങ്ങളറിയാൻ ആരാധകർക്കും ഒരല്പം ആവേശം കൂടുതലാണ്. ചിത്രത്തിൽ ഉണ്ണി മുകുന്ദനും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മമ്മൂട്ടിയുടെ കരിയറിലെതന്നെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം നിർമിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നമ്പിള്ളിയാണ്. 17ാം നൂറ്റാണ്ടിലെ കഥ പറയുന്ന മാമാങ്കത്തിനു ദൃശ്യവിസ്മയമൊരുക്കുന്നത് ബാഹുബലി ചിത്രത്തിനായി ഗ്രാഫിക്സ് ഒരുക്കിയ അതേ സംഘമാണ്. മലയാളത്തിനൊപ്പം ഇതര ഭാഷകളിലെയും സൂപ്പർ താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. വള്ളുവനാട്ടിലെ  വില്ലാളി വീരന്മാരായ ചാവേറുകളുടെ കഥ പറയുന്ന ചിത്രമാണ് മാമാങ്കം. മറ്റൊരു ചരിത്ര പുരുഷനായി മമ്മൂട്ടി സ്‌ക്രീനിലെത്തുമ്പോൾ മലയാള സിനിമാ ലോകവും പ്രേക്ഷകരും ഒരുപോലെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Read also: അതിജീവനത്തിന്റെ വൈറസ്; റിവ്യൂ വായിക്കാം…

അതേസമയം വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരത്തിന്റേതായി അണിയറയിൽ റിലീസിനൊരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ഉണ്ട. മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ഉണ്ട. ശങ്കര്‍ രാമകൃഷ്ണൻ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ് പതിനെട്ടാം പടി. ആക്ഷന് പ്രധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് 18ാം പടി. എബ്രഹാം പാലയ്ക്കല്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന് വേണ്ടിയുള്ള മമ്മൂട്ടിയുടെ പുതിയ മേക്ക് ഓവര്‍ ചലച്ചിത്രലോകത്ത് നേരത്തെതന്നെ ശ്രദ്ധേയമായിരുന്നു. സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. 18ാം പടിയില്‍ പ്രധാന ഗസ്റ്റ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.