‘ഒരു യമണ്ടൻ പ്രേമകഥ’യ്ക്ക് ശേഷം ‘മയ്യഴി സ്റ്റോറീസു’മായി ബി സി നൗഫൽ

ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച ചിത്രത്തിന് ശേഷം മറ്റൊരു ചിത്രവുമായി എത്തുകയാണ് നൗഫല്‍. ‘മയ്യഴി സ്‌റ്റോറീസ്’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. സലിം അഹമ്മദാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മയ്യഴി സ്റ്റോറീസ് ഒരു കുടുംബചിത്രമാണെന്നാണ് സൂചന. ഒരു മുത്തശ്ശിയുടെയും, പേരക്കുട്ടിയുടെയും സ്‌നേഹ കഥയാണ് ചിത്രം പറയുന്നത്.

അതേസമയം മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ദുല്‍ഖര്‍ സല്‍മാനോടൊപ്പം സലീം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ സാഹിര്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, ബിബിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിഖില വിമലും സംയുക്താ മേനോനുമാണ് ഒരു യമണ്ടന്‍ പ്രേമകഥയില്‍ നായികമാരായെത്തുന്നത്.

Read also: വാർധക്യത്തിലും ആരോഗ്യത്തോടെ ഇരിക്കാൻ ചില പൊടികൈകൾ

തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ തിരക്കേറിയ നടനായി മാറിയ ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ ആദ്യ മലയാള ചലച്ചിത്രമായിരുന്നു ഒരു യമണ്ടൻ പ്രേമകഥ. കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. നാദിര്‍ഷ സംഗീതം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പി സുകുമാറാണ്. ഹാസ്യം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. കൊച്ചി കേന്ദ്രമാക്കിയാണ് ഒരു യമണ്ടന്‍ പ്രേമകഥയിലെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരിച്ചിരിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ഉണ്ണി കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിര്‍മ്മാണം.