പന്ത്രണ്ടാം തവണയും ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് റാഫേല്‍ നദാല്‍; ഇത് ചരിത്രവിജയം

ചിലര്‍ക്ക് മുമ്പില്‍ ചരിത്രം പോലും വഴി മാറിയേക്കാം. ചില ഇതിഹാസങ്ങള്‍ക്ക് മുമ്പില്‍. ടെന്നീസ് താരം റാഫേല്‍ നദാലിനെ ഇതിഹാസം എന്നല്ലാതെ എന്ത് വിശേഷിപ്പിക്കാനാവും. കാരണം വിശേഷണങ്ങള്‍ക്കെല്ലാം അതീതമാണ് ഈ താരം. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ തന്റെ ആധിപത്യം തുടരുകയാണ് റാഫേല്‍ നദാല്‍. പന്ത്രണ്ടാം തവണയും തരം ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു.

ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ പരാജയപ്പെടുത്തിയാണ് പന്ത്രണ്ടാം തവണ നദാല്‍ കിരീടം നേടിയത്. ഫെനലില്‍ 6-3, 5-7, 6-1,6-1 നാണ് താരം എതിരാളിയെ കീഴടക്കിയത്. അതേസമയം നദാലിന്റെ 18ാം ഗ്രാന്‍സ്ലാം കിരീടമാണിത്.

2005 ലാണ് റാഫേല്‍ നദാല്‍ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്നത്. 2015ലും 2016 ലും പരിക്കു മൂലം കളിക്കാതിരുന്നതൊഴിച്ചാല്‍ മറ്റെല്ലാ തവണയും ചാമ്പ്യനായത് റാഫേല്‍ നദാല്‍ തന്നെയായിരുന്നു. ഇത്തവണത്തെ കിരീടം കൂടി കണക്കിലെടുക്കുമ്പോള്‍ ഫ്രഞ്ച് ഓപ്പണില്‍ 12 തവണ കിരീടം നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഇനി നദാലിന് സ്വന്തം.

Read more:ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം ജയം നേടി ഇന്ത്യ

അതേസമയം ഈ വിജയത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പാരിസിലെ കളിണ്‍ കോര്‍ട്ടില്‍ റാഫേല്‍ നദാല്‍ സ്വന്തമാക്കുന്ന 91-ാമത്തെ മത്സര വിജയമാണിത്. ഈ കോര്‍ട്ടില്‍ വച്ചുനടന്നിട്ടുള്ള മത്സരങ്ങളില്‍ രണ്ട് തവണ മാത്രമേ നദാല്‍ പരാജയം ഏറ്റുവാങ്ങിയിട്ടുള്ളു.

ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ മൂന്ന് മണിക്കൂര്‍ ഒരു മിനിറ്റ് വരെ നീണ്ടു. എന്നാല്‍ ഒരു തവണ പോലും നദാലിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഡൊമിനിക് തീമിനായില്ല. കഴിഞ്ഞ വര്‍ഷവും ഫൈനലില്‍ ഡൊമിനിക് തീനെതന്നെയാണ് നദാല്‍ തോല്‍പിച്ചത്. റാഫേല്‍ നദാലിന്റെ ടെന്നീസ് കരിയറിലെ 82-ാം കിരീടമാണ് ഇത്തവണത്തേത്.