‘കക്ഷി അമ്മിണിപിള്ള’യ്ക്കും ‘ലൂക്ക’യ്ക്കും ഒപ്പം ‘ഷിബു’വും ഇന്ന് തീയറ്ററുകളിലേയ്ക്ക്

June 28, 2019

മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ തീര്‍ക്കാന്‍ മൂന്ന് ചിത്രങ്ങള്‍ ഇന്ന് തീയറ്ററുകളിലേയ്ക്ക് എത്തുന്നു

ലൂക്കടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ലൂക്ക’. ‘ലൂക്ക’ എന്ന സിനിമയ്ക്കു വേണ്ടിയുള്ള ടൊവിനോയുടെ ലുക്കും നേരത്തെ മുതല്‍ക്കെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ് ‘ലൂക്ക’ എന്നാണ് സൂചന. അഹാന കൃഷ്ണയാണ് ചിത്രത്തില്‍ നായികാ കഥാപാത്രായെത്തുന്നത്.

കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലൂക്ക. അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്ന് ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നിഖില്‍ വേണു എഡിറ്റിങും നിര്‍വ്വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം.

കക്ഷി അമ്മിണിപിള്ളഅഭിനയ മികവുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായ മലയാളികളുടെ പ്രിയതാരം ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. ദിന്‍ജിത്ത് അയ്യത്താനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പ്രദീപന്‍ മഞ്ഞോടി എന്നാണ് ചിത്രത്തില്‍ ആസിഫ് അലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അതേസമയം കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തില്‍ ഒരു വക്കീല്‍ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. താരത്തിന്റെ ആദ്യ വക്കീല്‍ കഥാപാത്രമാണ് ചിത്രത്തിലേത്. സനിലേഷ് ശിവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

‘സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. അതേസമയം അടുത്തിടെ ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ലഭിക്കുന്നതും. ചിത്രത്തിനുവേണ്ടിയുള്ള ആസിഫ് അലിയുടെ കട്ടി മീശ ലുക്കും ആരാധകര്‍ക്കിടയില്‍ നേരത്തെ മുതല്‍ക്കെ ശ്രദ്ധ നേടിയിരുന്നു.

ഷിബുകാര്‍ത്തിക് രാമകൃഷ്ണനും അഞ്ജു കുര്യനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ഷിബു. മലയാളികളുടെ പ്രിയ ഹാസ്യ താരം ബിജുക്കുട്ടനു ഷിബു എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ’32ാം അധ്യായം 23ാം വാക്യം’ എന്ന ചിത്രത്തിനു ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ഷിബു’. കാര്‍ഗോ സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. തീയറ്റര്‍ ജോലിക്കാരനായ അച്ഛനിലൂടെ സിനിമയെ പ്രണയിച്ചു തുടങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ‘ഷിബു’വിന്റെ മുഖ്യ പ്രമേയം. ഇഷ്ടനടനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യണമെന്നതാണ് ഈ ചെറുപ്പക്കാരന്റെ ഏറ്റവും വലിയ ആഗ്രഹവും.

പ്രണീഷ് വിജയനാണ് ഷിബു എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാട്ടിലും ടീസറിലുമെല്ലാം പുലര്‍ത്തിയ മികവ് ചിത്രത്തിലുമുണ്ടായാല്‍ വെള്ളിത്തിരയിലെത്തുക മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കും എന്ന കാര്യത്തില്‍ സംശയിക്കേണ്ടി വരില്ല.