പ്രൊമോഷന്‍ നിര്‍ത്തിവച്ച് ‘വൈറസ്’ സിനിമാ സംഘം

ഒരു വിങ്ങലോടെയല്ലാതെ കേരളത്തില്‍ പടര്‍ന്നുകയറിയ നിപാ വൈറസിനെ ഓര്‍ക്കാനാകില്ല. വൈറസ് ബാധയില്‍ ജീവന്‍ പൊലിഞ്ഞവരെയും. നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൈറസ്’. കേരളത്തില്‍ വീണ്ടും നിപ്പ സ്ഥീരീകരിച്ച സാഹചര്യത്തില്‍ വൈറസ് എന്ന സിനിമയുടെ പ്രചരണ പരിപാടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

എന്നാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി നിരവധി പേരും രംഗത്തെത്തുന്നുണ്ട്. എന്നാല്‍ റിലീസുമായി ബന്ധപ്പെട്ട് പുതിയ വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ആഗോളതലത്തില്‍ ജൂണ്‍ ഏഴിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

എറണാകുളത്ത് പനിബാധിച്ച് ചികിത്സ തേടിയ യുവാവിനാണ്  നിപാ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്.വടക്കന്‍ പറവൂര്‍ സ്വദേശിയാണ് നിപാ പിടിപെട്ടിരിക്കുന്ന യുവാവ്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫലം പുറത്തുവന്നതോടെയാണ് പനി സ്ഥിരീകരിച്ചത്.കഴിഞ്ഞ പത്ത് ദിവസമായി രോഗിക്ക് കടുത്ത പനിയുണ്ട്. യുവാവിനൊപ്പമുള്ള മൂന്ന് പേരടക്കം 86 പേര്‍ നിരീക്ഷണത്തിലാണ്. എന്നാല്‍നിപയെ പ്രതിരോധിക്കാന്‍ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Read more:‘റൗഡി ബേബി’ സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

അതേസമയം പ്രേക്ഷകന്റെ ഉള്ളുലച്ച്, ഭയം നിറച്ചാണ് വൈറസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ഒരു വൈറസ് പോലെ പ്രേക്ഷകന്റെ ഉള്ളിലാകെ പടര്‍ന്നുകയറിയിരുന്നു ഈ ട്രെയ്‌ലര്‍. നിരവധി പേര്‍ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിരുന്നു. ട്രെയ്‌ലറിനു പിന്നാലെ നിരവധി പേര്‍ നിപാ കാലത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. നിപാ കാലത്തിന്റെ പച്ചയായ ഓര്‍മ്മപ്പെടുത്തലാണ് വൈറസ് എന്ന് സൂചന നല്‍കുന്നതാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍.

രേവതി, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, ആസിഫ് അലി, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങി നിരവധി താര നിരകള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. ‘എല്ലാ കാലത്തും പ്രകൃതിയാണ് നമുക്ക് എതിരെ തിരിഞ്ഞത്’ എന്ന ഏര്‍ണസ്റ്റ് ഷാക്കള്‍ട്ടണിന്റെ വരികളുടെ ഓര്‍മ്മപ്പെടുത്തല്‍ അങ്ങിങ്ങായി പ്രതിഫലിക്കുന്നുണ്ട് ട്രെയ്‌ലറില്‍. ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് വൈറസിന്റെ നിര്‍മ്മാണം. ഒരു സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘വൈറസ്’ എന്നാണ് സൂചന.