അതിവേഗത്തില്‍ വൈറസ് ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് വ്യാപിക്കുന്നത് ഇങ്ങനെ: വീഡിയോ

April 1, 2020

കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാനുള്ള പോരാട്ടത്തിലാണ് ലോകം. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ദേശത്തിന്റെ അതിര്‍വരമ്പുകള്‍ എല്ലാം ഭേദിച്ച് 200-ല്‍ അധികം രാജ്യങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു. സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് വൈറസിനെ പ്രതിരോധിക്കാനുള്ള ഏകമാര്‍ഗം. എത്ര വേഗത്തിലാണ് വൈറസ് ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് വ്യാപിക്കുന്നത്…? വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് വിവിധ രാജ്യങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നഗ്ന നേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ പോലും സാധിക്കാത്ത വൈറസ് എങ്ങനെയാണ് അതിവേഗത്തില്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് പ്രവേശിക്കുന്നത് എന്ന് ചിന്തിച്ചിണ്ടോ… ഇത് വളരെ വിശദമായി വ്യക്തമാക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മുന്‍ നാസ എഞ്ചിനീയറായ മാര്‍ക്ക് റോബര്‍.

സാമൂഹിക അകലവും ശുചിത്വവും കൊറോണ വൈറസിനെ തടയാന്‍ എത്രമാത്രം സഹായിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട് ഈ വീഡിയോയില്‍. വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുമ്പോഴും പലരും അത് നിരസിക്കുന്നു. വീട്ടില്‍ ഇരിക്കാതെയും കൈകഴുകാതെയും കറങ്ങി നടക്കുന്നവരെ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് മാര്‍ക്ക് റോബര്‍ വൈറസ് വ്യാപനം വ്യക്തമാക്കുന്ന വീഡിയോ ഒരുക്കാന്‍ തീരുമാനിച്ചത്.

Read more: ദേ ഇവനാണ് ട്രംപിനെക്കൊണ്ട് മലയാളത്തില്‍ മാപ്പിളപ്പാട്ട് പാടിപ്പിച്ച മിടുക്കന്‍: വൈറല്‍ വീഡിയോ

ശുചിത്വം ഇല്ലാത്തവരുടെ കൈകളില്‍ എത്രവേഗത്തിലാണ് അണുക്കള്‍ വ്യാപിക്കുന്നത് എന്ന് വ്യക്തമാകും ഈ വീഡിയോ കണ്ടാല്‍. നാം നിത്യവും ഉപയോഗിക്കുന്ന വസ്തുക്കളിലും അണുക്കള്‍ എങ്ങനെയാണ് വ്യാപിക്കുന്നതെന്ന് മാര്‍ക്ക് റോബര്‍ ഈ വീഡിയോയിലൂടെ വ്യക്തമാക്കി തരുന്നു. കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ വ്യക്തി ശുചിത്വവും സാമൂഹിക അകലവും അനിവാര്യമാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ വീഡിയോയിലൂടെ മാര്‍ക്ക് റോബര്‍.