വാഹനപ്രേമിയായി പൃഥ്വി, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി സുരാജ് ; ഡ്രൈവിങ് ലൈസൻസ് ഒരുങ്ങുന്നു

പൃഥ്വിരാജ് പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ‘ ജീന്‍ പോള്‍ ലാല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രീകരണം ആരംഭിച്ച സിനിമയിൽ വാഹന പ്രേമിയായ ഒരു സൂപ്പർ സ്റ്റാറായാണ് പൃഥ്വി എത്തുന്നത്. സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായാണ് അദ്ദേഹമെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിർമ്മിക്കുന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സച്ചിയാണ് ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ സഹ നിര്‍മ്മാതാവാണ്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. അലക്‌സ് ജെ പുളിക്കലാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. രതീഷ് രാജാണ് എഡിറ്റര്‍.

പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമാകുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഡ്രൈവിങ് ലൈസന്‍സിന്. ‘നയണ്‍(9)’ ആയിരുന്നു താരം നിര്‍മ്മാതാവും നായകനുമായെത്തിയ ആദ്യ ചിത്രം.

Read also: വിജയ് പറഞ്ഞു, ദുൽഖർ പാടി ‘സഖാവേ’; ഗാനം കേൾക്കാം

അതേസമയം പൃഥ്വിരാജ് നായകനായെത്തുന്ന മറ്റ് ചിത്രങ്ങളും അണിയറയില്‍ പുരോഗമിക്കുകയാണ്. ബ്രദേഴ്‌സ് ഡേയാണ് താരം പ്രധാന വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം. ഹാസ്യ കഥാപാത്രമായും വില്ലനായുമെല്ലാം വെള്ളിത്തിരയില്‍ അഭിനയ വസന്തം തീര്‍ത്ത മലയാളികളുടെ പ്രിയ താരം കലഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. അടി, ഇടി, ഡാന്‍സ്, ബഹളം എന്നിവയെല്ലാം ചിത്രത്തിലുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെതന്നെ പൃഥ്വിരാജ് കുറിച്ചിരുന്നു. ‘ബ്രദേഴ്‌സ് ഡേ’ എന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും കലാഭവന്‍ ഷാജോണ്‍ തന്നെയാണ്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇതിനുപുറമെ ബ്ലസി സംവിധാനം നിര്‍വ്വഹിക്കുന്ന ആടുജീവിതം എന്ന ചിത്രത്തിലും പൃഥ്വിരാജാണ് നായക കഥാപാത്രമായെത്തുന്നത്. ഈ ചിത്രവും അണിയറയില്‍ ഒരുക്കത്തിലാണ്.


Read more: