മകന്‍റെ മൂന്ന് കുറവുകള്‍ പറയാമോ എന്ന് ആരാധകന്‍; രസകരമായ മറുപടിയുമായി ലാല്‍

ചലച്ചിത്രലോകത്തെ താരകുടുംബങ്ങളെ കുറിച്ചുള്ള രസകരമായ വാര്‍ത്തകള്‍ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇത്തരമൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ആരാധകരുള്ള നടന്‍ ലാല്‍ കഴിഞ്ഞ ദിവസം ആരാധകര്‍ക്ക് ഇഷ്ടമുള്ള ചോദ്യം ചോദിക്കാമെന്നുള്ള പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. നിരവധി ചോദ്യങ്ങളും ലാലിനെ തേടി എത്തി. എന്നാല്‍ മകനെക്കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യവും അതിന് ലാല്‍ നല്‍കിയ ഉത്തരങ്ങളുമാണ് ചിരി പടര്‍ത്തുന്നത്.

മകന്‍ ജീന്‍പോള്‍ ലാലിന്റെ മൂന്ന് കുറവുകള്‍ പറയാമോ എന്നതായിരുന്നു ലാലിനെ തേടിയെത്തിയ ആരാധകന്റെ ചോദ്യം. തൊട്ടുപിന്നാലെ രസകരമായ മറുപടി നല്‍കി ലാല്‍. ലാല്‍ മറുപടിയായി നല്‍കിയ ജീന്‍ പോള്‍ ലാലിന്റെ മൂന്ന് കുറവുകള്‍ ഇവയാണ്.
1- അവന് എന്റെ അത്ര ഗ്ലാമര്‍ ഇല്ല
2- അവന് എന്റെ അത്ര പ്രായം ഇല്ല
3- അവന് എന്നെപ്പോലെ ജീന്‍ എന്ന് പേരുള്ള മിടുക്കനായ മകന്‍ ഇല്ല. എന്തായാലും മകനെക്കുറിച്ചുള്ള ലാലിന്റെ ഈ മറുപടി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

മറ്റൊരു ആരാധകന്‍ ‘എത്ര വയസായി’ എന്നു ചോദിച്ചപ്പോള്‍ ദുല്‍ഖറിനേക്കാള്‍ അല്പം കൂടുതല്‍ എന്നായിരുന്നു ലാല്‍ നല്‍കിയ മറുപടി. ഈ മറുപടിയും ആരാധകര്‍ക്കിടയില്‍ ചിരി നിറയ്ക്കുന്നു.

അതേസമയം ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയുടെ സംവിധാനത്തിന്റെ തിരക്കിലാണ് ജീന്‍ പോള്‍ ലാല്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രമാണ് ‘ഡ്രൈവിങ് ലൈസന്‍സ്’. സച്ചിയാണ് ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ഈ ചിത്രത്തില്‍ നായകകഥാപാത്രമായി എത്തുന്നതും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ സഹ നിര്‍മ്മാതാവാണ്.ആഡംബരകാറുകളോട് അതിയായ പ്രിയമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുക എന്നാണ് സൂചന. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമാകുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഡ്രൈവിങ് ലൈസന്‍സിന്. ‘നയണ്‍(9)’ ആയിരുന്നു താരം നിര്‍മ്മാതാവും നായകനുമായെത്തിയ ആദ്യ ചിത്രം.