മാധവനെ വിവാഹം കഴിക്കണം എന്ന് ആരാധിക; താരത്തിന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും താരങ്ങളുടെ ആരാധകരോടുള്ള ഇടപെടലുകളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ആരാധകരോട് ഏറെ ഇഷ്ടത്തോടെയും സൗമ്യതയോടെയുമെല്ലാം പെരുമാറുന്ന താരമാണ് മാധവന്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുകയാണ് തന്നെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച പെണ്‍കുട്ടിക്ക് മാധവന്‍ നല്‍കിയ മറുപടിയും.

മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രത്തെതേടിയെത്തിയ കമന്റ് ഇങ്ങനെ; ‘എനിക്ക് പതിനെട്ട് വയസ്സായി. താങ്കളെ വിവാഹം കഴിക്കണം എന്ന് തോന്നുന്നത് തെറ്റാണോ’. എന്നായിരുന്നു ആരാധികയുടെ ചോദ്യം. എന്നാല്‍ ഇതിന് മാധവന്‍ നല്‍കിയ മറുപടിയാണ് കൈയടി നേടുന്നത്. ‘ നിങ്ങളെ വിവാഹം കഴിക്കാന്‍ എന്നേക്കാളും അര്‍ഹതയുള്ള ഒരാളെ നിങ്ങള്‍ തീര്‍ച്ചയായും കണ്ടെത്തും’ മാധവന്‍ നല്‍കിയ മറുപടിയെ പ്രശംസിക്കുകയാണ് സോഷ്യല്‍മീഡിയ.

മാധവന്‍ പ്രധാന കഥാപാത്രമായെത്തുന്ന ‘റോക്കട്രി: ദ് നമ്പി ഇഫക്ട്’ എന്ന ചിത്രത്തിനു വേണ്ടിയുള്ള മെയ്ക്ക് ഓവറിലെ ഒരു ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രമാണ് ‘റോക്കട്രി: ദ് നമ്പി ഇഫക്ട്’. ചിത്രത്തില്‍ മാധവനാണ് നമ്പി നാരായണനായി വെള്ളിത്തിരയില്‍ എത്തുന്നത്. ‘റോക്കട്രി: ദ് നമ്പി ഇഫക്ട്’ എന്ന സിനിമയുടെ സഹസംവിധായകന്‍ കൂടിയാണ് മാധവന്‍. നമ്പി നാരായണനായുള്ള മാധവന്റെ മെയ്ക്ക് ഓവര്‍ ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. Read more:ഭര്‍ത്താവ് വിഷ്ണുവും മമ്മൂട്ടിയും നായകന്മാരായെത്തുന്ന ചിത്രങ്ങള്‍ ഒരേ ദിവസം റിലീസായാല്‍ ഏത് ചിത്രം ആദ്യം കാണുമെന്ന് അവതാരക; കിടിലന്‍ മറുപടിയുമായി അനു സിത്താര: വീഡിയോ

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായി സുപ്രീം കോടതി വിധി വരുന്നതിനും മുമ്പേ നമ്പി നാരായണന്റെ ജീവിതം സിനിമയാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആനന്ദ് മോഹനാണ് റോക്കട്രി: ദ് നമ്പി ഇഫക്ട്’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. നമ്പി നാരായണന്‍ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ് ഐഎസ്ആര്‍ഒ സ്‌പൈ കേസ്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്.