ഏറ്റവും മികച്ച നാച്ചുറല്‍ നടനാണ് മോഹന്‍ലാല്‍: രജനീകാന്ത്

ഇന്ത്യയിലെ ഏറ്റവും മികച്ച നാച്ചുറല്‍ നടനാണ് മോഹന്‍ലാല്‍ എന്ന് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്. മേഹന്‍ലാല്‍ സൂര്യ കൂട്ടുകൊട്ടില്‍ ഒരുങ്ങുന്ന കാപ്പാന്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കവെയാണ് മോഹന്‍ലാലിനെ രജനികാന്ത് പ്രശംസിച്ചത്. കാപ്പാന്‍ എന്ന സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് മോഹന്‍ലാല്‍ എന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു. അതുപോലെതന്നെ സൂര്യ എന്ന നടന്റെ ദൃഢനിശ്ചയം, കഠിനാധ്വാനം, പരിശ്രമം എന്നിവയില്‍ താന്‍ സംതൃപ്തനാണെന്നും രജനീകാന്ത് പറഞ്ഞു.

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും തമിഴകത്തിന്റെ പ്രിയ താരം സൂര്യയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് കാപ്പാന്‍. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനുവേണ്ടി ആരാധകര്‍ കാത്തിരിക്കുന്നത്.
കെ.വി ആനന്ദാണ് ‘കാപ്പാന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള എന്‍എസ്ജി കമാന്‍ഡോ ആയി സൂര്യയും ചിത്രത്തിലെത്തുന്നു. ആര്യ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി എത്തുന്നു. രക്ഷിക്കും എന്ന് അര്‍ത്ഥമുള്ള തമിഴ് വാക്കാണ് കാപ്പാന്‍. ഇന്ത്യന്‍ രാഷ്ട്രീയവും ഇന്ത്യ പാക് പ്രശ്‌നങ്ങളും തീവ്രവാദവുമെല്ലാം കാപ്പാന്‍ എന്ന സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് സൂചന.

Read more:‘മെട്രോമാന്‍’ ഇ ശ്രീധരന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്; നായകന്‍ ജയസൂര്യ

സയേഷയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ആര്യ ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ് ‘കാപ്പാന്‍’ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചെന്നൈ, ഡല്‍ഹി, കുളുമണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളിലായിരുന്നു കാപ്പാന്‍ എന്ന സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. 100 കോടി മുതല്‍മുടക്കിലാണ് കാപ്പാന്‍ ഒരുക്കുന്നതെന്നാണ് സൂചന.