സിനിമകളിൽ മദ്യപാനം, പുകവലി രംഗങ്ങൾ പാടില്ല: നിയമസഭാസമിതി

July 3, 2019

സിനിമകളില്‍ നിന്നും മദ്യപാന, പുകവലി രംഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ നിയമ സഭാസമിതിയുടെ ശുപാര്‍ശ. സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, കുട്ടികള്‍, ഭിന്ന ശേഷിക്കാര്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച സമിതിയുടേതാണ് റിപ്പോര്‍ട്ട്. പി ആയിഷ പോറ്റി എം എല്‍ എ അധ്യക്ഷയായ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. ഇത്തരം സീനുകൾ കുട്ടികൾ അനുകരിക്കും എന്നതിനാൽ മദ്യപാനം, പുകവലി തുടങ്ങിയവ പൂർണമായും ഒഴിവാക്കണമെന്നാണ് സമിതിയുടെ തീരുമാനം. മദ്യപാന പുകവലി രംഗങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയതിനു ശേഷമേ സിനിമകള്‍ക്കും സീരിയലുകള്‍ക്കും പ്രദര്‍ശന അനുമതി നല്‍കാവൂ എന്ന് സെന്‍സര്‍ ബോര്‍ഡിനും സമിതി ശുപാർശ നൽകിയിട്ടുണ്ട്.

മദ്യപാന പുകവലി രംഗങ്ങൾ സിനിമകളിൽ കാണിക്കുമ്പോൾ നിലവിൽ സ്‌ക്രീനിനും താഴെ ‘മദ്യപാനം, പുകവലി ആരോഗ്യത്തിന് ഹാനികരം’ എന്ന് എഴുതി കാണിക്കാറുണ്ട്. നിലവിലെ ചട്ടപ്രകാരം ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയാലും കുട്ടികൾക്കും ഭിന്നശേഷക്കാർക്കും ഇത് ചിലപ്പോൾ മനസിലായെന്ന് വരില്ല. അതിനാലാണ് പുതിയ തീരുമാനം.

Read also: ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; മിതാലിയായി തപ്‌സി

എന്നാൽ ഇതിനെതിരെ മുരളി ഗോപി അടക്കമുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു. “കലാസൃഷ്ടിയുടെ സ്വതന്ത്ര പ്രക്രിയകളെ ചങ്ങലയ്ക്കിടുന്ന ഇത്തരം നീക്കങ്ങൾ പമ്പര വിഡ്ഢിത്തത്തിൽ നിന്ന് പിറക്കുന്നതാണ് എന്ന് വിശ്വസിക്കാൻ എളുപ്പമാണ്. പക്ഷെ ഇതിനെ, ഇവിടെ വച്ച്, ഇപ്പോൾ നേരിട്ടില്ലെങ്കിൽ വളരെ വലിയ അവകാശ ധ്വംസനങ്ങളിലേക്ക് അത് നയിക്കപ്പെടും എന്ന കാര്യത്തിൽ തർക്കമേ വേണ്ട, പ്രത്യേകിച്ചും ബഹുപാർട്ടി പ്രാതിനിധ്യം ഉള്ള ഒരു നിയമസഭാ സമിതി ഇതിന്റെ ചുക്കാൻ പിടിക്കുമ്പോൾ. ഇതിൽ പ്രകടമാകുന്നത് ജനാധിപത്യമൂല്യങ്ങളെക്കുറിച്ചുള്ള ശുദ്ധ അറിവില്ലായ്മയാണ്. ഇത്തരം വിഡ്ഢിത്തങ്ങൾക്കെതിരെ പൊരുതിയില്ലെങ്കിൽ ഇതിനും “വലിയ വില കൊടുക്കേണ്ടി വരും”. എന്നും മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചു.