ഡ്രൈവറില്ലാതെ നിയന്ത്രണം വിട്ടു മുന്നോട്ട് പാഞ്ഞ് കാറ്; അത്ഭുതകരമായി മൂന്നുപേരെ രക്ഷിച്ച് ടാക്‌സി ഡ്രൈവര്‍; വീഡിയോ

രക്ഷകന്റെ കരങ്ങള്‍ എന്ന കേട്ടിട്ടില്ലേ. പലപ്പോഴും രക്ഷകന്റെ രൂപത്തില്‍ അവതരിക്കാറുണ്ട് ചിലര്‍. മരണം മുന്നില്‍കണ്ട നിമിഷങ്ങളില്‍, ജീവിതത്തിലേയ്ക്ക് ഒരു തിരിച്ചുവരവില്ല എന്നു കരുതുന്ന സമയങ്ങളിള്‍ ചിലര്‍ അവതരിക്കുന്നു; തിരികെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുന്ന രക്ഷകനായി. സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുകയാണ് ഇത്തരം ഒരു രക്ഷകന്‍.

ചൈനയിലാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഹാന്‍ഡ് ബ്രേക്ക് തകരാറിലായി കാറ് മുന്നോട്ട് നീങ്ങുന്നു. വാഹനത്തില്‍ ഡ്രൈവറില്ലെങ്കില്‍ ഉള്ള അവസ്ഥ ഒന്നു ചിന്തിച്ചാല്‍…! ഒരു നിമിഷംകൊണ്ട് ഒരു പക്ഷെ എല്ലാം തകര്‍ക്കപ്പെട്ടേയ്ക്കാം. ഇത്തരമൊരു സംഭത്തില്‍ നിന്നും അത്ഭുതകരമായി മൂന്നുപേരെ രക്ഷപ്പെടുത്തിയിരിക്കുകയാണ് ഒരു ടാക്‌സി ഡ്രൈവര്‍. ഇവിടെ രക്ഷകനായി അവതരിച്ചിരിക്കുകയാണ് ഇദ്ദേഹം.

സംഭവം ഇങ്ങനെ റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നും ഡ്രൈവര്‍ ഇറങ്ങി പോകുന്നു. അല്‍പസമയത്തിനുള്ളില്‍ കാര്‍ തനിയെ ഉരുണ്ട് നീങ്ങാന്‍ തുടങ്ങി. നാല് യാത്രികരാണ് കാറില്‍ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട് കാറ് മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോള്‍ ഒരു സ്ത്രീ മാത്രം കാറില്‍ നിന്നും പുറത്തേയ്ക്ക് എടുത്തുചാടി. മറ്റ് മൂന്നുപേരും കാറില്‍ തന്നെ. നിയന്ത്രണമില്ലാതെ അപകടത്തിലേയ്ക്ക് നീങ്ങുന്ന കാറ് ഒരു ടാക്‌സി ഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടു. കാറിന്റെ പിറകെ ആയാള്‍ ഓടി. ഒടുവില്‍ കാറില്‍ കയറി വാഹനം നിര്‍ത്തി. അതിശയകരമായ രക്ഷപ്പെടുത്തല്‍.

Read more:നീയെന്നില്‍ നിറയ്ക്കുന്നത് അവര്‍ണ്ണനീയമായ സന്തോഷമാണ് ; ആനിയ്ക്ക് ആശംസകളുമായി ഷാജി കൈലാസ്‌

മൂന്നുപേരുടെ ജീവനാണ് ഈ ടാക്‌സി ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ ഈ രക്ഷപ്പെടുത്തല്‍ വീഡിയോ ഇതിനോടകം തന്നെ വൈറലായി. നിരവധി ആളുകളാണ് ഈ ടാക്‌സി ഡ്രൈവറെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കാറിന്റെ ഹാന്‍ഡ് ബ്രേക്കിന് സംഭവിച്ച തകരാറാണ് അപകടകാരണം.