വിദ്യാര്‍ത്ഥികളുടെ യാത്രപ്രശ്‌നത്തിന് പരിഹാരം; ശ്രദ്ധേയമായി ഈ ‘തരികിടപാട്ട്’

July 5, 2019

തീയറ്ററുകളില്‍ ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് പതിനെട്ടാംപടി. മമ്മൂട്ടിയും പൃഥ്വിരാജും ഉണ്മഇ മുകുന്ദനുമെല്ലാം അതിഥി വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിക്കുന്നതും. അതേസമയം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ പുതിയ ഗാനം. സ്‌കൂളിന് സ്വന്തമായൊരു ബസ് എന്ന വിദ്യാര്‍ത്ഥികളുടെ സ്വപ്‌നവും അതിനുവേണ്ടി അവര്‍ നടത്തുന്ന പ്രയത്‌നങ്ങളുമാണ് ഈ ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്നത്.

പതിനെട്ടാം പടിയിലെ താ തരികിട… എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ലോറന്‍സ് ഫെര്‍ണാണ്ടസിന്റേതാണ് ഗാനത്തിലെ വരികള്‍. പ്രശാന്ത് പ്രഭാകര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. എം ജി ശ്രീകുമാര്‍, മനോജ് കെ ജയന്‍, കെ എസ് ഹരിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ശങ്കര്‍ രാമകൃഷ്ണനാണ് പതിനെട്ടാം പടി എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ആര്യ, പ്രിയാമണി, അഹാന കൃഷ്ണ, മനോജ് കെ ജയന്‍, മണിയന്‍പിള്ള രാജു, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് പതിനെട്ടാംപടി. ഇതിനുപുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ആക്ഷനും സസ്‌പെന്‍സുമെല്ലാം ചിത്രത്തില്‍ ഇടംനേടിയിട്ടുണ്ട്.

Read more:രജനികാന്ത് നായകനായെത്തുന്ന ‘ദര്‍ബാറി’ല്‍ ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടും

ആഗസ്റ്റ് സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നതാണ് ചിത്രം. ചിത്രത്തിന് വേണ്ടിയുള്ള മമ്മൂട്ടിയുടെ പുതിയ മേക്ക് ഓവര്‍ ചലച്ചിത്രലോകത്ത് നേരത്തെതന്നെ ശ്രദ്ധേയമായിരുന്നു. സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെ രണ്ടാമത്തെ സംവിധാന സംരംഭംകൂടിയാണ് ’18ാം പടി’. ‘കേരള കഫേ’യാണ് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം. ഈ ചിത്രവും തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.