വിരണ്ടോടുന്ന പോത്ത്; ശ്രദ്ധനേടി ‘ജല്ലിക്കെട്ടി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

August 19, 2019

വിനായകനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജല്ലിക്കെട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കയറുപൊട്ടിച്ചോടുന്ന പോത്തിന്റെ രൂപമാണ് ഫസ്റ്റ് ലുക്കിൽ കാണുന്നത്. കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രക്ഷകര്‍ക്ക് സുപരിചിതനായ ആന്റണി വര്‍ഗ്ഗീസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അങ്കമാലി ഡയറീസ്, ഈമായൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ജല്ലിക്കെട്ട്. മലയാള ചലച്ചിത്രലോകത്തിന് ഒരലപ്പം വിത്യസ്തതകള്‍ സമ്മാനിച്ച സംവിധായകനാണ് ലിജോ. അതുകൊണ്ടുതന്നെ ജല്ലിക്കെട്ട് എന്ന ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

അതേസമയം ടൊറന്റോ ചലച്ചിത്രമേളയില്‍ ജല്ലിക്കെട്ട് പ്രദര്‍ശിപ്പിക്കും. കണ്ടംപററി വേള്‍ഡ് സിനിമാ വിഭാഗത്തിലാണ് ഈ ചിത്രം ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. സെപ്റ്റംബര്‍ 5 മുതല്‍ 15 വരെയാണ് ടൊറന്റോ ഫിലിം ഫെസ്റ്റിവല്‍.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സംരംഭം എന്ന നിലയില്‍ മലയാള സിനിമാലോകത്ത് ഒരു ദൃശ്യവിരുന്നായിരിക്കും ഈ ചിത്രം എന്ന് പ്രതീക്ഷിക്കാം. നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് ടൊറന്റോ മേളയുടെ ഔദ്യോഗിക സൈറ്റില്‍ കുറിച്ചിരിക്കുന്നത്. ഏറെ സാഹസികത നിറഞ്ഞ രംഗങ്ങളാണ് സിനിമയില്‍ ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് ശരിവയ്ക്കുന്നതാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ സ്റ്റില്‍സും.

എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ജല്ലിക്കെട്ട് എന്ന ചിത്രമൊരുക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഒ തോമസ് പണിക്കരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന സിനിമയ്ക്ക് ശേഷം വിനായകനും ആന്റണി വര്‍ഗീസും ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ജല്ലിക്കെട്ടിനുണ്ട്.