പിറന്നാള്‍ നിറവില്‍ സണ്ണി വെയ്ന്‍; ശ്രദ്ധേയമായി ‘അനുഗ്രഹീതന്‍ ആന്‍റണി’ പോസ്റ്റര്‍

August 19, 2019

മനോഹരമായ അഭിനയംകൊണ്ട് വെണ്ണിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് സണ്ണി വെയ്ന്‍. പിറന്നാള്‍ നിറവിലാണ് താരം. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വ്വഹിച്ച ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ന്‍ മലയാള ചലച്ചിത്രലോകത്ത് ശ്രദ്ധേയനായത്. ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലെ ‘കുരുടി’ എന്ന കഥാപാത്രത്തിലൂടെതന്നെ താരം പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനായി. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മോസയിലെ കുതിരമീനുകള്‍, കൂതറ, നീ കോ ഞാ ചാ, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമണ്‍, കായംകുളം കൊച്ചുണ്ണി, ആന്‍മരിയ കലിപ്പിലാണ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായ സഹനടനായുമൊക്കെ സണ്ണി വെയ്ന്‍ തിളങ്ങി.

അതേസമയം അണിയറയില്‍ ഒരുക്കത്തിലാണ് സണ്ണി വെയ്ന്‍ നായകനായെത്തുന്ന അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രം. താരത്തിന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തിറങ്ങി. ചിത്രത്തില്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ആന്റണിയുടെ പ്രണയിനിയായ സഞ്ജന എന്ന കഥാപാത്രമായി ഗൗരി ജി കിഷനും ചിത്രത്തിലെത്തുന്നു. പ്രിന്‍സ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സുരാജ് വെഞ്ഞാറന്മൂട്, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. നവീന്‍ ടി മണിലാലാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം ഷിജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more:‘സഹകരിച്ചാല്‍ നിനക്ക് ഇവിടെ ജീവിക്കാം’; കലിപ്പ് ലുക്കില്‍ ടൊവിനോ: ശ്രദ്ധേയമായി ‘കല്‍ക്കി’യിലെ രംഗം

തമിഴ് സിനിമയിലും സണ്ണി വെയ്ന്‍ അഭിനയിച്ചിട്ടുണ്ട്. ജിപ്‌സി എന്നാണ് സണ്ണി വെയ്‌ന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ പേര്. സഖാവ് ബാലനായാണ് ജിപ്‌സിയില്‍ സണ്ണിവെയ്ന്‍ എത്തുന്നത്. രാജു മുരുകനാണ് ‘ജിപ്‌സി’യുടെ സംവിധായകന്‍. ‘ജോക്കര്‍’, ‘കുക്കു’ എന്നീ തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാജു മുരുകന്‍. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ് ഇദ്ദേഹം.