‘തണ്ണീർമത്തനിലെ’ കീർത്തി തമിഴിലേക്ക്; ആദ്യ ചിത്രം തൃഷയ്‌ക്കൊപ്പം

August 29, 2019

അനായാസ അഭിനയത്തിന്റെ പാഠങ്ങളുമായെത്തി മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ കൊച്ചുമിടുക്കിയാണ് അനശ്വര രാജൻ. മഞ്ജു വാര്യർ പ്രധാന കഥാപാത്രമായെത്തിയ ‘ഉദാഹരണം സുജാത’യിലെ ആതിര കൃഷ്ണനായും, പിന്നീട്  രണ്ട് കൊല്ലങ്ങൾക്കു ശേഷം ‘തണ്ണീർമത്തൻ ദിനങ്ങളി’ലെ കീർത്തിയായും വെള്ളിത്തിരയിൽ വിസ്‌മയം തീർത്ത അനശ്വര തമിഴിലേക്ക് അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങുകയാണ്.

തൃഷ നായികയാവുന്ന ‘രാങ്കി’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര തമിഴിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. തൃഷയ്‌ക്കൊപ്പമുള്ള അനശ്വരയുടെ ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. എം ശരവണനാണ് ചിത്രത്തിൻ്റെ സംവിധായകൻ. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ തീയേറ്ററിലെത്തുമെന്നാണ് സൂചന.

അതേസമയം അനശ്വര, കീർത്തിയായി എത്തിയ ‘തണ്ണീർമത്തൻ ദിനങ്ങൾ’ മികച്ച സ്വീകാര്യത നേടി തിയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ പശ്ചാത്തലമാക്കി ഒരുക്കിയിട്ടുള്ള ചിത്രം പ്രേക്ഷകരെ സ്കൂൾ കാലഘട്ടത്തിന്റെ മനോഹര ഓർമ്മകളിലേക്ക് എത്തിക്കുന്നു.  സ്കൂൾ കാലഘട്ടത്തിലെ നിഷ്കളങ്ക പ്രണയവും, സൗഹൃദവും, തമാശകളുമെല്ലാം തെല്ലും അതിഭാവുകത്വമോ അതിശയോക്തിയോ ഇല്ലാതെ അവതരിപ്പിക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. എ ഡി ഗിരീഷ് സംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് വിനീത് ശ്രീനിവാസനും മാത്യൂസുമാണ്.

Read also: ‘നിന്നെപ്പോലൊരു സഹോദരൻ എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ ഈ ലോകം എത്രമാത്രം നന്നായിരുന്നേനെ’; വൈറലായി നടിയുടെ കുറിപ്പ്

ഹൃസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് ആദ്യ സിനിമയിലൂടെത്തന്നെ തന്നിലെ മികവുറ്റ സംവിധായകനെ പ്രേക്ഷകർക്ക് മുന്നിൽ തുറന്നുകാണിച്ചു. ഒപ്പം മികച്ച ഒരു തിരക്കഥയ്ക്ക് ജന്മം നൽകി അവിടെയും തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് ഗിരീഷും ഡിനോയും. കേള്‍വിയില്‍ പുതുമ പകരുന്ന ഗാനങ്ങളും ചിത്രത്തെ മികച്ചതാക്കുന്നതിൽ മുന്നിട്ടുനിന്നു. ‘ജാതിക്കാത്തോട്ടം എജ്ജാതി നിന്റെ നോട്ടം’ എന്നു തുടങ്ങുന്ന ഗാനം ആസ്വാദകന്റെ ഉള്ളിലേയ്ക്ക് മനോഹരമായ ഒരു മഴ പോലെ പെയ്തിറങ്ങുന്ന അനുഭൂതിയാണ് സമ്മാനിക്കുന്നത്. ഈ ഗാനത്തിലും നിറഞ്ഞു നിൽക്കുന്നത് അനശ്വരയും മാത്യൂസുമാണ്.