‘അനുഗ്രഹീതന്‍ ആന്‍റണിയായ്’ സണ്ണിവെയ്ന്‍; ചിത്രീകരണം പൂര്‍ത്തിയായി

August 3, 2019

വിജയ് സേതുപതിയും തൃഷയും ഒരുമിച്ചെത്തിയ ’96’ എന്ന ചിത്രം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. തീയറ്ററുകളില്‍ ചിത്രം മികച്ച പ്രതികരണം നേടിയിരിന്നു. ’96’ ല്‍ കുഞ്ഞു ജാനുവായി എത്തിയ ഗൗരി ജി കിഷോറിനെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ മലയാള സിനിമയിലും ശ്രദ്ധേയമാവാനുള്ള ഒരുക്കത്തിലാണ് താരം.

‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തിലൂടെയാണ് ഗൗരിയുടെ പുതിയ മലയാള ചിത്രം. കഴിഞ്ഞ ദിവസം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ മാര്‍ഗംകളി എന്ന ചിത്രത്തിലും ഗൗരി ജി കിഷന്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.  സണ്ണി വെയ്‌നാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

തൃഷ അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് 96 ല്‍ ഗൗരി അവിസ്മരണീയമാക്കിയത്. പ്രേക്ഷകരും ഗൗരിയെ അഭിനന്ദിച്ച് രംഗത്തത്തിയിരുന്നു. 96 ലെ ഗൗരിയുടെ അഭിനയമികവും എടുത്തുപറയേണ്ടതാണ്.

അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തില്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ആന്റണിയുടെ പ്രണയിനിയായ സഞ്ജന എന്ന കഥാപാത്രമായി ഗൗരിയും ചിത്രത്തിലെത്തുന്നു. പ്രിന്‍സ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സുരാജ് വെഞ്ഞാറന്മൂട്, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. നവീന്‍ ടി മണിലാലാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം ഷിജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more:ചിരിക്കൊപ്പം കുറച്ച് ചിന്തയും; കേരളാ പൊലീസിന്‍റെ ടിക് ടോക്കിന് വന്‍ വരവേല്‍പ്പ്: വീഡിയോ

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ന്‍ മലയാള ചലച്ചിത്രലോകത്ത് ശ്രദ്ധേയനായത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മോസയിലെ കുതിരമീനുകള്‍, കൂതറ, നീ കോ ഞാ ചാ, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമണ്‍, കായംകുളം കൊച്ചുണ്ണി, ആന്‍മരിയ കലിപ്പിലാണ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായ സഹനടനായുമൊക്കെ സണ്ണി വെയ്ന്‍ തിളങ്ങി.

തമിഴ് സിനിമയിലും സണ്ണി വെയ്ന്‍ അഭിനയിച്ചിട്ടുണ്ട്. ജപ്‌സി എന്നാണ് സണ്ണി വെയ്‌ന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ പേര്. സഖാവ് ബാലനായാണ് ജിപ്‌സിയില്‍ സണ്ണിവെയ്ന്‍ എത്തുന്നത്. രാജു മുരുകനാണ് ‘ജിപ്‌സി’യുടെ സംവിധായകന്‍. ‘ജോക്കര്‍’, ‘കുക്കു’ എന്നീ തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാജു മുരുകന്‍. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ് ഇദ്ദേഹം.