ബാണാസുരസാഗർ ഡാം ഇന്ന് തുറക്കും; കനത്ത ജാഗ്രതാ നിർദ്ദേശം

August 10, 2019

ബാണാസുരസാഗർ ഡാം ഇന്ന് തുറക്കും. വൈകീട്ട് മൂന്ന് മണിയോടെയാണ് ഡാം തുറക്കുക. മൂന്ന് ഘട്ടങ്ങളിലായാണ് ഡാം തുറക്കുക. മേഖലയിൽ കനത്ത ജാഗ്രതാ നിർദ്ദേശങ്ങളാണ് നല്കിയിരിക്കുന്നത്. ഈ ഭാഗങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡാം തുറക്കുന്നതിനാൽ പരിസര പ്രദേശങ്ങളിലെ വീടുകളിൽ നിന്നും പൂർണമായും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 204 മില്ലിമീറ്റർ വരെ വരുന്ന അതിതീവ്രമഴയ്ക്ക് സാധ്യതയുളളതായി പ്രവചിക്കുന്നു. മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ.

അതിതീവ്രമഴയ്ക്കു സാധ്യതയുള്ള എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.