മനോഹരം ഈ പ്രണയം; ഗാനം ഏറ്റെടുത്ത് ആരാധകർ

ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ‘എന്നൈ നോക്കി പായും തോട്ട’ എന്ന ചിത്രത്തിലെ പുതിയ പ്രണയഗാനമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അടടാ നാനാ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നകുൽ അഭ്യങ്കാറാണ്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ധനുഷിനൊപ്പം മേഘ ആകാശാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. ശശി കുമാർ, സെന്തിൽ വീരസാമി, സുനൈന, വേള രാമമൂർത്തി, റാണ ദഗുപതി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുണ്ട്.

പ്രണയവും വിരഹവുമെല്ലാം പങ്കുവെക്കുന്ന ചിത്രത്തിന്റെ ടീസറും ആരാധകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ ഗാനങ്ങളും നേരത്തെ തന്നെ യൂ ട്യൂബിൽ  ഹിറ്റായിരുന്നു.  മലയാളിയായ ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം റിലീസ് ആകുന്നതിന് മുൻപേ ചിത്രത്തിലെ ഗാനം പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ചതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്. സെപ്‌തംബർ ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിലെ ‘മറുവാർത്തൈ പേശാതെ’ എന്ന ഗാനവും പ്രേക്ഷകർ സ്വീകരിച്ചിരുന്നു. താമരൈയുടെ വരികൾക്ക് സംഗീത സംവിധായകൻ ദർബുക ശിവ ഇണം നൽകി സിദ് ശ്രീറാം ആലപിച്ചതാണ് ഈ മനോഹര ഗാനം. ആരാധക ഹൃദയം കീഴടക്കിയ ഈ ഗാനത്തിന് ശേഷം ഇപ്പോൾ പുറത്തിറങ്ങിയ ഗാനവും ആരാധകർ സ്വീകരിച്ചുകഴിഞ്ഞു. അതേസമയം ചിത്രം റിലീസാവുന്നതിനു മുൻപ് തന്നെ ഗാനം ഹിറ്റായതിൽ  ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും സംഗീത സംവിധായകൻ ദർബുക ശിവ, സിദ്  ശ്രീറാം, താമരൈ എന്നിവർക്കും സംവിധായകൻ ഗൗതം മേനോൻ നേരത്തെ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചിരുന്നു.

ഗൗതം മേനോന്റെ  ചിത്രങ്ങളിലെ പ്രണയ ഗാനങ്ങൾ മുൻപും ഹിറ്റായിട്ടുണ്ട്. വസീഗര, പാർത്ത മുതൽ നാൾ, ഉനക്കുൾ നനെ,  മന്നിപ്പായ തുടങ്ങി നിരവധി  ഗാനങ്ങൾ ഗൗതം മേനോന്റെ ഹിറ്റ് ലിസ്റ്റിലുണ്ട്.