മലയാളി പ്രേക്ഷകർക്ക് ചെറുതല്ല, വലിയവനാണ് ഈ നടൻ; ലാളിത്യം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച് വീണ്ടും ഇന്ദ്രൻസ്

സിനിമ താരങ്ങൾക്ക് വസ്ത്രങ്ങൾക്ക് തുന്നിക്കൊടുക്കുന്ന വസ്ത്രാലങ്കാരവിദഗ്ധനായി മലയാള സിനിമയുടെ ഭാഗമായി എത്തിയ ഒരു ചെറിയ മനുഷ്യൻ പിന്നീട് മലയാള സിനിമയെ കൊണ്ടെത്തിച്ചത് ലോകസിനിമയുടെ നെറുകയിലാണ്‌…കുറച്ച് നാളുകളായി മലയാളി പ്രേക്ഷകരെ വിസ്മയിപിച്ചുകൊണ്ടിരിക്കുകയാണ് ഈ ചെറിയ വലിയ മനുഷ്യൻ. അഭിനയ മികവുകൊണ്ടും ലാളിത്യം കൊണ്ടുമെല്ലാം ഈ താരം നടന്നുകയറിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്.

ഇന്ദ്രൻസ്  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും  പുതിയ ചിത്രമാണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിങ്ങിനിടെ ശ്രദ്ധേയമായതും അദ്ദേഹത്തിന്റെ ലാളിത്യം തന്നെയാണ്. താൻ സ്റ്റേജിൽ നിന്നാൽ പ്രേക്ഷകർക്ക് വീഡിയോ കാണാൻ ബുദ്ധിമുട്ടാകുമല്ലോയെന്ന് കരുതി സ്റ്റേജിൽ മുട്ടിൽ ഇരിക്കുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

തിരുവന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാടുവിട്ട് ബോംബെയില്‍ ജോലി തേടി എത്തിയ അബ്ദുള്ള അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അലീമ എന്ന സ്ത്രീയെ അന്വേഷിച്ച് കേരളത്തിലേക്ക് മടങ്ങിയെത്തുന്നു. ഈ സ്ത്രീയെ തേടി തിരുവനന്തപുരം മുതല്‍ വയനാട് വരെ നടത്തുന്ന യാത്രകളാണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം. അറുപത്തിയഞ്ചാം വയസിലാണ് നായകന്‍ തന്റെ പ്രണയിനിയെ തേടി അലയുന്നത്. അബ്ദുള്ളയുടെ യാത്രയില്‍ അയാള്‍ കണ്ടുമുട്ടുന്ന വ്യക്തികള്‍, സംഭവങ്ങള്‍, സ്ഥലങ്ങള്‍ എല്ലാം മുഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തില്‍ ഒളി മങ്ങാതെ തെളിഞ്ഞു നില്‍പ്പുണ്ട്. നിരവധി താരനിരകള്‍ തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പ്രേക്ഷകര്‍ക്ക് പരിചിതമായ പ്രണയ കഥകളില്‍ നിന്നും ഒരല്പം വിത്യസ്തതയോടെയാണ് മുഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുന്നതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. ബാലു വർഗീസ്, രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, പ്രേം കുമാര്‍, മാമുക്കോയ, രചന നാരയണന്‍കുട്ടി, മീരാ വാസുദേവ്, മാലാ പാര്‍വ്വതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.