‘ഇട്ടിമാണി’ മാസ്സാണ് മനസ്സുമാണ്; ശ്രദ്ധേയമായി പുതിയ പോസ്റ്റര്‍

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’. പേരില്‍ തന്നെ കൗതുകം ഒളിപ്പിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ചിത്രത്തിനു വേണ്ടിയുള്ള മോഹന്‍ലാലിന്റെ മോയ്ക്ക് ഓവര്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ഇട്ടിമാണിയുടെ പുതിയ പോസ്റ്റര്‍. മോഹന്‍ലാലും അജു വര്‍ഗീസുമാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അടുത്തിടെ ചിത്രത്തിന്‍റെ ലൊക്കേഷന്‍ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

നവാഗതരായ ജിബി, ജോജു എന്നിവരാണ് ഇട്ടിമാണി, മേയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ കാരക്ടര്‍ പോസ്റ്ററുകളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

Read more:‘അനുഗ്രഹീതന്‍ ആന്‍റണിയായ്’ സണ്ണിവെയ്ന്‍; ചിത്രീകരണം പൂര്‍ത്തിയായി

മോഹന്‍ലാല്‍ ഈ ചിത്രത്തിന്റെ ഭാഗമായതിനെക്കുറിച്ച് ലൊക്കേഷന്‍ വീഡിയോയില്‍ ചിത്രത്തിന്റെ സംവിധായകര്‍ സംസാരിക്കുന്നുണ്ട്. അജു വര്‍ഗീസ്, ധര്‍മ്മജന്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരും വീഡിയോയില്‍ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ തൃശൂര്‍ ഭാഷയിലാണ് മോഹന്‍ലാല്‍ സംസാരിക്കുക എന്നതാണ് മുഖ്യ ആകര്‍ഷണം. നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം താരം തൃശൂര്‍ ഭാഷയുമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.’തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണന് ശേഷം ‘ഇട്ടിമാണി’ എന്ന തൃശൂര്‍ക്കാരനായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന’.