കുരുക്ഷേത്രത്തിന്‍റെ 18 നാള്‍വഴികളിലൂടെ ലോക സിനിമയിലെ ആദ്യത്തെ ത്രിഡി ചിത്രം; ‘കുരുക്ഷേത്ര’ ഓഗസ്റ്റ് 23 മുതല്‍ തീയറ്ററുകളില്‍

August 18, 2019

എത്ര കേട്ടാലും കണ്ടാലും മതിവരാത്ത ഒരു ഇതിഹാസമാണ് മഹാഭാരതം. കൗരവരും പാണ്ഡവരും തമ്മില്‍ നടന്ന മഹായുദ്ധവും അതിലെ ഓരോ കഥാപാത്രങ്ങളും ഈ കാലഘട്ടത്തിലും നമ്മുടെ മുന്നില്‍ ത്രസിച്ച് നില്‍ക്കുന്നു. മഹാഭാരതത്തില്‍ നാമെല്ലാം അറിഞ്ഞതും കേട്ടതും പഠിച്ചതും ദുര്യോധനനെ നീച്ചനും വഞ്ചകനും ക്രൂരനും ആയ വ്യക്തി ആയിട്ടാണ് . എന്നാല്‍ അതിനു വിപരീതമായി മഹാമനസ്‌കതയുടെ അന്തസത്ത വെളിപ്പെടുത്തുന്നതും സുഹൃത്ത് ബന്ധത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കുന്നവനുമായ വീര യോദ്ധാവാണ്. കപട സുഹൃത്ത് ആയ ശകുനിയുടെ കുതന്ത്രത്തിന് ഇരയായ ദുര്യോധനന്റെ കഥാപാത്രത്തിന് പുതു ജന്മം നല്‍കി പ്രതിഷ്ഠിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. കന്നഡയിലെ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശനാണ് ദുര്യോധനനായി അരങ്ങ് തകര്‍ക്കുന്നത്. രജനികാന്ത് കഴിഞ്ഞാല്‍ സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സ് അസോസിയേഷന്‍ ഉള്ള അര്‍ട്ടിസ്റ്റാണ് ദര്‍ശന്‍.

ലോകത്തിലെ ഏറ്റവും മഹത്തായ സുഹൃത്ത് ബന്ധമാണ് ദുര്യോധനന്റെയും കര്‍ണ്ണന്റേയും എന്നാണ് വിശേഷിപ്പിക്കുന്നത്. സ്വന്തം മാതാവ് വന്നു കാലു പിടിച്ചിട്ടു പോലും ഉലയാതേ ചങ്ങാതിക്കുവേണ്ടി ആത്മ സമര്‍പ്പണം നടത്തി പൊരുതി മരിക്കുന്ന ഇതിഹാസത്തിലെ മഹാനായ ധാനവീരശൂര കര്‍ണ്ണനായി തെന്നിന്ത്യന്‍ ആക്ഷന്‍ ഹീറോ അര്‍ജ്ജുന്‍ കുരുക്ഷേത്ര എന്ന ചിത്രത്തിലെത്തുന്നു.

ചലച്ചിത്ര വേദിയില്‍ മഹാത്ഭുതം ആയ ബാഹുബലിയുടെ സാങ്കേതിക വിദഗ്ധരും സി ജി സ്‌പെഷലിസ്റ്റ്കളും ആണ് കുരുക്ഷേത്ര എന്ന ഈ ചിത്രത്തിലെ യുദ്ധ രംഗങ്ങളും സി ജി രംഗങ്ങളും കൈകാര്യം ചെയ്യുന്നത്. മഹാഭാരതത്തിലെ നാടകീയ മുഹൂര്‍ത്തങ്ങളും സന്ദര്‍ഭങ്ങളേയും വൈകാരിക മുഹൂര്‍ത്തങ്ങളേയും അപ്രതീക്ഷിത ട്വിസ്റ്റുകളേയും മനോഹരമായി ദൃശ്യാവിഷ്‌കരിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ നാഗണ്ണ എന്ന മികവുറ്റ സംവിധായകന്‍.

കഥ ,നിര്‍മാണം മുനി രത്‌നയും ,സംഗീതം വീ ഹരികൃഷ്ണയും, ഛായാഗ്രഹണം മലയാളി ആയ ജയ് വിന്‍സന്റും, എഡിറ്റിങ് എന്‍ ഹര്‍ഷയും ആണ് നിര്‍വ്വഹിക്കുന്നത്. ലോകത്തിലെ ആദ്യത്തെ ഇതിഹാസ 3D വിസ്മയമായ മുനിരത്‌ന കുരുക്ഷേത്രയുടെ ഗാനങ്ങളും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ബാഹുബലിയുടെ സംഭാഷണവും ഗാനങ്ങളും എഴുതിയ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ആണ്. ഓഗസ്റ്റ് 23 ന് രെഥക് ആര്‍ട്‌സ് ഈ ചിത്രം കേരളത്തില്‍ 150ല്‍ പരം തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു .