വെള്ളം പാഴാക്കുന്നവരേ…! കാണണം ഈ വീഡിയോ: വെള്ളം കുടിച്ചശേഷം ടാപ്പ് അടച്ച് കൈയടി നേടി ഒരു കുരങ്ങന്‍

രസകരവും കൗതുകരവുമായ പല വാര്‍ത്തകളും വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമൊക്കെ സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇത്തരം കാഴ്ചകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളതും. പലപ്പോഴും മനുഷ്യരേക്കാള്‍ ബുദ്ധിയും വിവേകവുമൊക്കെ ചില മൃഗങ്ങള്‍ കാണിയ്ക്കാറുണ്ട്. അടുത്തകാലത്ത് തന്നെ ഇത്തരം നിരവധി വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ രക്ഷിച്ച് തെരുവുനായകളും കളിയിക്കുന്നതിനിടയില്‍ പുഴയിലേയ്ക്ക് വീഴാന്‍ തുടങ്ങിയ കുഞ്ഞിനെ കരയില്‍ സുരക്ഷിതമായെത്തിച്ച നായ്ക്കുട്ടിയുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടി. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ കൈയടി നേടുകയാണ് ഒരു കുരങ്ങന്‍.

വെള്ളം കുടിച്ച് ദാഹം അകറ്റിയ ശേഷം ടാപ്പ് അടച്ചിട്ട് പോകുന്ന കുരങ്ങനാണ് സാമൂഹ്യ മാധ്യമങ്ങളില്‍ താരമാകുന്നത്. വെള്ളം പാഴക്കരുത് എന്ന് പ്രസംഗിക്കുകയും എന്നാല്‍ പ്രവൃത്തിയോട് അടുക്കുമ്പോള്‍ ജല സംരക്ഷണത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യര്‍ക്ക് മുമ്പില്‍ വലിയ സന്ദേശമാണ് ഈ കുരങ്ങന്‍ നല്‍കുന്നത്.

Read more:ഈ ദിവസത്തിനായാണ് ഞാന്‍ കാത്തിരുന്നത്’: അവസാനമായി സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ

മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണറായ ഡോ. എസ് വൈ ഖുറൈഷിയാണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ‘മനുഷ്യര്‍ക്കായുള്ള മനോഹരമായ സന്ദേശം’ എന്ന ക്യാപ്ഷനും ഈ വീഡിയോയ്ക്ക് നല്‍കി. നിരവധി ആളുകളാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. എന്തായാലും സാമൂഹ്യമാധ്യമങ്ങളില്‍ താരമായിരിയ്ക്കുകയാണ് ഈ കുരങ്ങന്‍.