മഴക്കെടുതിയിൽ അകപെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി കടയിലെ വസ്ത്രങ്ങൾ വാരി നൽകി വഴിയോരകച്ചവടക്കാരൻ നൗഷാദ്

പ്രളയം തകർത്തെറിഞ്ഞ കേരളത്തിന് പിന്തുണയുമായി എത്തുകയാണ് കൊച്ചിയിലെ വഴിയോര വസ്ത്രക്കച്ചവടക്കാരൻ മാലിപ്പുറം സ്വദേശിപി എം നൗഷാദ്..ദുരിതാശ്വാസ ക്യാമ്പുകളിൽ അകപെട്ടവർക്കായി തന്റെ കടയിലെ മുഴുവൻ സാധനങ്ങളും എടുത്ത് നൽകിയാണ് നൗഷാദ് ഈ പെരുന്നാൾ ദിനത്തിൽ ലോകജനതയ്ക്ക് മുഴുവൻ മാതൃകയാകുന്നത്‌..

വയനാട്, നിലമ്പൂർ തുടങ്ങിയ പ്രദേശങ്ങളിലെ ക്യാമ്പുകളിലേക്ക് നൽകാൻ സാധനങ്ങൾ ശേഖരിക്കാൻ എത്തിയ നടൻ രാജേഷ് ശർമ്മയും സംഘവും എറണാകുളം ബ്രോഡ് വേയിലെ കടകളിലേക്കും എത്തി. ഇവിടെ നിന്നും നിരവധി ആളുകൾ സഹായ ഹസ്തവുമായി അവർക്കുമുന്നിൽ എത്തിയപ്പോൾ , ‘ഒന്നെന്റെ കട വരെ വരൂ’ എന്നുപറഞ്ഞ് ഇവരെ നൗഷാദ് തന്റെ കടയിലേക്ക് കൂട്ടികൊണ്ട് പോകുകയായിരുന്നു. തുടർന്ന് പെരുന്നാൾ കച്ചവടത്തിനായി മാറ്റിവെച്ചിരുന്ന മുഴുവൻ വസ്ത്രങ്ങളും നൗഷാദ് ചാക്കുകൾ നിറച്ചു നൽകുകയായിരുന്നു.

‘നമ്മൾ പോകുമ്പോൾ ഇതൊന്നും കൊണ്ടുപോകുന്നില്ലല്ലോ, ഉപകാര പെടുന്നവർക്ക് ഉപകാരപ്പെടട്ടെ’ എന്നായിരുന്നു നൗഷാദ് പറഞ്ഞത്. പെരുന്നാൾ സമയത്ത് ഇത് മുഴുവൻ നൽകിയാൽ കച്ചവടം നഷ്‌ടമാകില്ലേ എന്ന് ചോദിച്ചപ്പോൾ, ‘ഈ പെരുന്നാൾ ദിനത്തിൽ നന്മ ചെയ്യുന്നതാണ് തനിക്ക് ലാഭമെന്നും’ നൗഷാദ് പറഞ്ഞു. നടൻ രാജേഷ് തന്നെയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.