വീണ്ടും ബാറ്റെടുത്ത് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഒപ്പം വെള്ളിത്തിരയിലെ താരങ്ങളും: വീഡിയോ

August 30, 2019

ക്രിക്കറ്റ് ലോകത്തെ ഇതിഹാസതാരമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ബാറ്റിങില്‍ താരം വിസ്മയം തീര്‍ക്കുമ്പോള്‍ ഗാലറികള്‍ എക്കാലത്തും ആര്‍പ്പുവിളികള്‍ക്കൊണ്ട് നിറഞ്ഞിരുന്നു. ലോകംകണ്ട മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും താരം ക്രിക്കറ്റിലെ പല മേഖലകളിലും ഇപ്പോഴും സജീവമാണ്. ഇപ്പോഴിതാ ദേശീയ കായികദിനത്തോട് അനുബന്ധിച്ച് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

ദേശീയ കായികദിനത്തോട് അനുബന്ധിച്ചാണ് താരം തന്റെ ക്രിക്കറ്റ്കാലം ഓര്‍മ്മപ്പെടുത്തുന്ന വീഡിയോ പങ്കുവച്ചത്. ഒരു സിനിമാ ലൊക്കേഷനില്‍ സച്ചിന്‍ ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ ആണിത്. ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാനും അഭിഷേക് ബച്ചനുമൊക്കെ സച്ചിനൊപ്പം ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ പ്രചരണാര്‍ത്ഥമായിരുന്നു ഈ ക്രിക്കറ്റ്കളി. ക്രിക്കറ്റിന് പുറമെ മറ്റ് കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോയും താരം സ്‌പോര്‍ട്‌സ് ദിനത്തില്‍ പങ്കുവച്ചിട്ടുണ്ട്.

Read more:അതിശയിപ്പിക്കാന്‍ ധനുഷ്- മഞ്ജു വാര്യര്‍- വെട്രിമാരന്‍ കൂട്ടുകെട്ട്; കൈയടി നേടി ‘അസുരനി’ലെ ഗാനം

മുംബൈയിലെ ഒരു സാരസ്വത് ബ്രാഹ്മിന്‍ കുടുംബത്തില്‍ 1973 നായിരുന്നു സച്ചിന്റെ ജനനം. അച്ഛനായ രമേഷ് തെന്‍ഡുല്‍ക്കര്‍ മറാത്തി സാഹിത്യകാരന്‍കൂടിയായിരുന്നു. തനിക്ക് പ്രിയപ്പെട്ട സംഗീത സംവിധായകനായ സച്ചിന്‍ ദേവ് ബര്‍മ്മന്റെ പേരിലെ സച്ചിന്‍ എന്ന പേര് അദ്ദേഹം തന്റെ മകന് നല്‍കി. പ്രാഥമിക വിദ്യാഭ്യാസ കാലത്ത് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ സച്ചിന്‍ പഠിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനിടയില്‍ എംആര്‍എഫ് പേസ് അക്കാദമിയില്‍ നിന്നും പേസ് ബൗളിങ്ങില്‍ പരിശീലനത്തിനു ചേര്‍ന്നെങ്കിലും പരിശീലകനായ ഡെന്നീസ് ലില്ലിയുടെ നിര്‍ദ്ദേശ പ്രകാരം സച്ചിന്‍ ബാറ്റിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. പിന്നീട് അങ്ങോട്ട് ക്രിക്കറ്റില്‍ ബാറ്റുകൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്തു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ അദ്ദേഹം നേടിയിട്ടുള്ള റെക്കോര്‍ഡുകളും നിരവധിയാണ്.


പതിനഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള സച്ചിന്റെ അരങ്ങേറ്റം. തന്റെ ആദ്യ ആഭ്യന്തര മത്സരത്തില്‍ തന്നെ 100 റണ്‍സെടുത്ത് സച്ചിന്‍ പുറത്താകാതെ നിന്നതും കൗതുകകരമാണ്. 1994 ല്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ സച്ചിൻ ഓപ്പണിങ് ബാറ്റ്‌സ്മാനായി. രണ്ട് തവണ ഇതിഹാസ താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തെത്തിയിട്ടുണ്ട്. 2012 ഡിസംബര്‍ 23 ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. 2013 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും താരം വിടവാങ്ങി.