അമ്മയേപ്പോല്‍ സ്‌നേഹം, കരുതല്‍; ഓര്‍മ്മയാകുന്നത് ‘സൂപ്പര്‍മോം’

August 7, 2019

മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്നാണല്ലോ വിശേഷിപ്പിക്കാറ്. മരണം ചിലപ്പോഴൊക്കെ അങ്ങനെയാണ്. പ്രിയപ്പെട്ടവരെ പെട്ടെന്നങ്ങ് കവര്‍ന്നെടുക്കും. ഒരു മുന്‍കരുതലുമില്ലാതെ ജീവിതത്തിന്റെ അരങ്ങൊഴിയേണ്ടി വരും. ബിജെപിക്ക് ജനകീയ മുഖം നല്‍കിയ മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഓര്‍മ്മയാകുമ്പോള്‍ രാജ്യത്തിന് നഷ്ടമാകുന്നത് വര്‍ണ്ണനകള്‍ക്ക് അതീതമായ ഒരു വനിതയെയാണ്. മനുഷ്യത്വത്തിന്റെ സ്‌നേഹമുഖമുള്ള വനിതയെ, അമ്മയെ.

നിസാരമല്ല സുഷമ സ്വരാജ് രാജ്യത്തിനു വേണ്ടി ചെയ്ത കാര്യങ്ങള്‍. നിര്‍ണ്ണയകമായിരുന്നു അവരുടെ പല സുപ്രധാന തീരുമാനങ്ങളും ഇടപെടലുകളും. കരുണയും സ്‌നേഹവും കരുതലുമെല്ലാം ആവോളം അടങ്ങിയിട്ടുണ്ട് സുഷമ സ്വരാജിന്റെ ജീവിതത്തിലും പ്രവൃത്തികളിലും.

തന്നോട് പരാതികള്‍ പറയാനെത്തുന്നവരെ ‘എന്റെ കുട്ടികളേ…’ എന്നു അഭിസംബോധനചെയ്ത് ചേര്‍ത്ത് നിര്‍ത്താറുണ്ട് സുഷമ സ്വരാജ്. ഈ ചേര്‍ത്തു നിര്‍ത്തലുകളൊന്നു വെറുതെയായിരുന്നില്ല. മറിച്ച് ഒരു അമ്മയുടെ സ്‌നേഹവും കരുതലുമൊക്കെയായിരുന്നു ആ ചേര്‍ത്തു നിര്‍ത്തലുകളിലൊക്കെയും നിഴലിച്ചിരുന്നത്.

Read more:‘ഈ ദിവസത്തിനായാണ് ഞാന്‍ കാത്തിരുന്നത്’: അവസാനമായി സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ

സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ സജീവമായിരുന്നു സുഷമ സ്വരാജ്. ഭരണനിര്‍വഹണം ഫലപ്രദമായി നിറവേറ്റാനും സുഷമ സ്വരാജ് സാമൂഹ്യമാധ്യമങ്ങളെ കാര്യമായിതന്നെ വിനിയോഗിച്ചു. ഏത് പാതിരാത്രിയിലും ട്വിറ്ററില്‍ സുഷമാ സ്വരാജിനോട് പരാതി പറയുന്നവര്‍ക്ക് ഒരു പ്രതീക്ഷയുണ്ട്, അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര പരിഗണന സുഷമ നല്‍കുമെന്ന വിശ്വാസം. പ്രശ്‌നത്തിനുള്ള പരിഹാരവുമായി സുഷ്മ സ്വരാജ് ട്വീറ്റിന് മറുപടികള്‍ നല്‍കുമ്പോള്‍, നടപടിയെടുക്കുമ്പോള്‍ പലര്‍ക്കും തിരിച്ച് കിട്ടിയത് നഷ്ടപ്പെട്ടു എന്നു കരുതിയ ജീവിതങ്ങളാണ്.

വാഷിങ്ടണ്‍ പോസ്റ്റ് സൂപ്പര്‍മോം എന്നാണ് സുഷമ സ്വരാജിനെ വിശേഷിപ്പിച്ചത്. എത്രയോ മഹത്തരമാണ് ഈ വിശേഷണം. നൂറ് ശതമാനവും സുഷമ സ്വരാജ് അര്‍ഹിക്കുന്ന വിശേഷണം തന്നെയാണ് ‘സൂപ്പര്‍മോം’ എന്നത്. വിദേശകാര്യമന്ത്രാലയം കൈകാര്യം ചെയ്ത അഞ്ച് വര്‍ഷവും അത്രയേറെ മഹത്തരമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് സുഷമ സ്വരാജ്.

Read more:ഐഎസ് പിടിയിലായ നഴ്‌സുമാരുടെ മോചനം മുതൽ യെമനിൽ ഭീകരരുടെ പിടിയിലായ ഫാ. ടോം ഉഴുന്നാലിന്റെ മോചനം വരെ; നന്ദിയോടെയല്ലാതെ മലയാളികൾക്ക് ഓർക്കാനാവില്ല ഈ നേതാവിനെ…

മൊസൂളിലെ ഭീകരവാദ കേന്ദ്രങ്ങളില്‍ നിന്നും നാല്‍പതോളം മലയാളി നഴ്‌സുമാരെ ജീവിതത്തിലെ വെളിച്ചത്തിലേയ്ക്ക് തിരികെയെത്തിച്ചു. ഫാദര്‍ ടോം ഉഴുന്നാലിനെ തിരികെയെത്തിക്കുന്നതിലും നിര്‍ണ്ണായക പങ്കുവഹിച്ചത് സുഷമ സ്വരാജ് കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങള്‍ തന്നെയാണ്. വിദേശരാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് നേരെ സുഷമ സ്വരാജ് നീട്ടിയത് കരുതലിന്റെ സഹായ ഹസ്തങ്ങളായിരുന്നു. പ്രവാസികളോടുള്ള സ്‌നേഹവും കരുതലുമെല്ലാം അവരെ വിദേശികള്‍ക്കിടയില്‍ പോലും ശ്രദ്ധേയമാക്കി.

പരാതികളും പരിഭവങ്ങളുമെല്ലാം ഒരു വിരല്‍സ്പര്‍ശത്തിന്റെ ദൂരത്തില്‍ സമര്‍പ്പിക്കാവുന്ന ഡിജിറ്റല്‍ നയതന്ത്രമായിരുന്നു സുഷമ സ്വരാജിന്റേത്. ഇറാഖില്‍ കുടുങ്ങിക്കിടന്ന 168 ഇന്ത്യാക്കാര്‍ തങ്ങളുടെ അവസ്ഥ അറിഞ്ഞ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ സുഷ്മ നടത്തിയ ഇടപെടല്‍ വളരെ വലുതാണ്. ഒരുമാസത്തിനുള്ളില്‍ അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ഈ ഡിജിറ്റല്‍ നയതന്ത്രം വഴിതെളിച്ചു എന്നു വേണം പറയാന്‍. ഫോറിന്‍ പോളിസി മാഗസീന്‍ സുഷമ സ്വരാജിനെ ഗ്ലോബല്‍ തിങ്കര്‍ ഡിസിഷന്‍ മേക്കേഴ്‌സ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നവ ട്വിറ്റര്‍ നയതന്ത്രം എന്നായിരുന്നു സുഷമയുടെ പ്രവര്‍ത്തനരീതിയെ മാഗസിന്‍ വിശേഷിപ്പിച്ചത് പോലും.

സുഷമ സ്വരാജ് കാലയവനികയ്ക്ക് പിന്നില്‍ മറയുമ്പോള്‍ രാജ്യത്തിന് നഷ്ടമാകുന്നത് എന്നും ചേര്‍ത്തുനിര്‍ത്തുന്ന ഒരു അമ്മസ്‌നേഹത്തെക്കൂടിയാണ്….