പ്രളയത്തില്‍ രക്ഷകരായ സൈനികരുടെ കാല്‍തൊട്ട് വന്ദിച്ച് യുവതി; ഹൃദ്യം ഈ വീഡിയോ

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങള്‍ മഴക്കെടുതിയില്‍ വേദനിയ്ക്കുകയാണ്. കേരളം, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴ കനത്ത നാശം വിതയ്ക്കുന്നു. പ്രളയ ദുരിതത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ വിവിധ സേനകളും സന്നദ്ധ സംഘടനകളും പൊതുജനങ്ങളുമെല്ലാം രംഗത്തുണ്ട്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് മഹാരാഷ്ട്രയിലെ സന്‍ഗിലിയില്‍ നിന്നുള്ള ഒരു വീഡിയോ. പ്രളയദുരിതത്തില്‍ നിന്നും ജീവന്‍ രക്ഷിച്ച സൈനികരോട് ഒരു യുവതി നന്ദി പ്രകാശിപ്പിക്കുന്ന സ്‌നേഹ വീഡിയോയാണ് സാമൂഹ്യമാധ്യങ്ങളില്‍ വൈറലാകുന്നത്.

Read more:വെള്ളത്തിനു നടുവില്‍ പ്രളയത്തെ അതിജീവിച്ച് ഒരു വീട്

അതിജീവനത്തിന്റെ ഹൃദ്യമായ ഒരു വീഡിയോയാണിത്. പ്രളയത്തില്‍ കുടുങ്ങിയ കുടുംബത്തെ വഞ്ചിയില്‍ കരയ്‌ക്കെത്തിക്കുകയായിരുന്നു സൈന്യം. ഇതിനിടയില്‍ വഞ്ചിയില്‍ ഉണ്ടായിരുന്ന യുവതി സൈനികരുടെ കാല്‍ തൊട്ട് വന്ദിക്കുന്നു, കൂപ്പുകരങ്ങളോടെ നന്ദി പറയുന്നു. കാല് തൊട്ട് വന്ദിയ്ക്കുമ്പോള്‍ സൈനികര്‍ അത് തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേരാണ് ഇപ്പോഴും പങ്കുവയ്ക്കുന്നത്. വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആയും ഈ വീഡിയോ ഇതിനോടകംതന്നെ മാറിക്കഴിഞ്ഞു.