കേരളത്തിൽ ശ്രദ്ധേയമായി മുളവീടുകൾ; വൈറലായി ചിത്രങ്ങൾ

September 10, 2019

മുള ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന കേരളത്തിലെ ചില വീടുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമാകുന്നത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് മുള കൊണ്ട് നിർമ്മിക്കുന്ന കെട്ടിടങ്ങൾ. ഇതിനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് കുറിപ്പാണ് ഏറെ ശ്രദ്ധേയമാകുന്നത്.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം 

തേവര കോളേജിലെ മൂന്നു നിലയുള്ള മെയിന്‍ ഹോസ്റ്റല്‍ രണ്ടാം ലോക മഹായുദ്ധ കാലത്താണ് പണിതത് . യുദ്ധകാലത്തെ ഇരുമ്പിന്റ്റെയും മറ്റും ക്ഷാമം മൂലം വാര്‍ക്കുന്നതിന് റീയിന്‍ഫോഴ്സമെന്‍റ് ആയി മുള ആണ് ഉപയോഗിച്ചത്. ഇന്നും ആ കെട്ടിടം സുരക്ഷിതമായി നിലകൊള്ളുന്നു . ആസ്സാം അടക്കം ലോകത്ത് എത്രയോ ഇടങ്ങളില്‍ മുള ഉപയോഗിച്ചാണ് വീടുകള്‍ പണിയുന്നത് . കുട്ടനാട്ടില്‍ മട കുത്താന്‍ കല്ലന്‍ മുള തന്നെ വേണം എന്നായിരുന്നു മതിമോഹന്‍റെ വാശി . വൈവിധ്യമാര്‍ന്ന നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് മുള. ഈ സാധ്യതകളെ കുറിച്ച് നമ്മള്‍ വേണ്ടത്ര ഗവേഷണമോ പഠനമോ നടത്തിയിട്ടില്ല. ഈ കുറവ് പരിഹരിക്കുക എന്നുള്ളതാണ് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന്റെ ബാംബൂ ട്രെയിനിങ് സെന്‍ററിന്‍റെ ലക്ഷ്യം . മുടവന്‍മുകളിലെ ഒന്നരയേക്കറിന്റെ ഒതുക്കത്തിനുള്ളില്‍ പഠന മുറികളും താമസ സസൌകര്യവും വര്‍ക്ക് ഷോപ്പുകളും എല്ലാം തയ്യാറാക്കി കഴിഞ്ഞു. സെപ്തംബര്‍ 5 നു അതിന്‍റെ ഉദ്ഘാടനം ആയിരുന്നു. മുള കൊണ്ട് മാത്രം പണിയുന്ന 3 നില കെട്ടിടത്തിന്റെ ഫൌണ്ടേഷനില്‍ ആയിരുന്നു ഉദ്ഘാടന സമ്മേളനം . പത്മശ്രീ ജി ശങ്കറിന്‍റെ ബദല്‍ നിര്‍മ്മാണ രീതികള്‍ക്കുള്ള അന്വേഷണം പുതിയ വിതാനങ്ങളിലേക്ക് ഉയരുകയാണ്.