‘ ഇട്ടിമാണി’യുടെ വിശേഷങ്ങളുമായി ലാലേട്ടൻ; വീഡിയോ

തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തിയ ഇട്ടിമാണി മെയ്‌ഡ്‌ ഇൻ ചൈന. മലയാള സിനിമയുടെ ഭാഗമായിരുന്ന ജിബി- ജോജു കൂട്ടുകെട്ട് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലൂടെ ഒരു മുഴുനീള കോമഡി കുടുംബചിത്രമാണ് ആരാധകർക്കായി ഈ ഓണക്കാലത്ത് ഒരുക്കിയിരിക്കുന്നത്.

ചൈനയിൽ ജനിച്ചുവളർന്ന് പിന്നീട് തൃശൂരിലെ കുന്നംകുളത്ത് എത്തുന്ന മാണിക്കുന്നേൽ ഇട്ടിമാണിയുടെ  കഥ പറയുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. എന്തിനും കമ്മീഷൻ മേടിക്കുന്ന ആളാണ് മണിക്കുന്നേൽ ഇട്ടിമാണി, എന്തിന് സ്വന്തം അമ്മയെ ആശുപത്രിയിൽ കിടത്തിയതിന് ഡോക്‌ടറോടും, സ്വന്തം കല്യാണത്തിന് പെണ്ണുകാണാൻ കൊണ്ടുപോയ ബ്രോക്കറോടും വരെ കമ്മീഷൻ ചോദിച്ച ഐറ്റമാണ് സാക്ഷാൽ മാണിക്കുന്നേൽ മാത്തച്ചൻ മകൻ ഇട്ടിമാണി.

പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച ഈ ചിത്രത്തിലൂടെ മാതൃ സ്നേഹത്തിന്റെ മഹത്വമാണ് സംവിധായകരും കൂട്ടരും പറഞ്ഞുവയ്ക്കുന്നത് എന്നത് ഏറെ ശ്രദ്ധേയം. പ്രായമാകുമ്പോൾ മാതാപിതാക്കളെ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്ന മക്കൾക്കും, മാതാപിതാക്കന്മാർക്കൊപ്പം സമയം ചിലവഴിക്കാനില്ലാത്ത മക്കൾക്കുമെതിരെ ഉയർത്തുന്ന വിമർശനം കൂടിയാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്.

ഇട്ടിമാണിയുടെ ‘അമ്മ തെയ്യയിലൂടെ തുടങ്ങുന്ന സ്നേഹം പല അമ്മമാരിലൂടെ കടന്ന് പിന്നീട് ഒരു വൃദ്ധ സദനത്തിൽ എല്ലാവരാലും ഒഴിവാക്കപ്പെട്ട കുറെയധികം അമ്മമാരിലാണ് എത്തപ്പെടുന്നത്. ചിത്രത്തിലെ എടുത്തുപറയേണ്ട ഒന്നും ഇട്ടിമാണിയും അമ്മയും തമ്മിലുള്ള സ്നേഹത്തിന്റെ കെമിസ്ട്രിയാണ്. അമ്മയും മകനും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ നേർക്കാഴ്ച കൂടിയാണ് ഈ ചിത്രം.

ചൈനയിൽ ജനിച്ചുവളർന്ന ഇട്ടിമാണി ചൈനയിലെ പോലെ ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്ന ബിസിനസുകാരനാണ്. അമ്മയ്‌ക്കൊപ്പം സന്തോഷമായി ജീവിക്കുന്ന ഇട്ടിമാണിയെ പെണ്ണ് കെട്ടിക്കാൻ കഷ്ടപ്പെടുന്ന അമ്മയുടെ ആഗ്രഹപ്രകാരം പെണ്ണ് കാണാൻ പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം വികസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *