പ്രണയാര്‍ദ്രം ‘നീ ഹിമമഴയായ്…’ എടക്കാട് ബറ്റാലിയനിലെ ഗാനത്തിന് വന്‍ വരവേല്‍പ്പ്

മനോഹരമായ സംഗീതം, അതിസുന്ദരമായ ആലാപനം… ‘എടക്കാട് ബറ്റാലിയന്‍ 06 ‘ എന്ന സിനിമയിലെ  ഗാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞ് തുടങ്ങുന്നതാണ് ഉചിതം. പാട്ടുപ്രേമികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ടൊരു ഭാവം സമ്മാനിക്കുകയാണ് ഈ ഗാനം.  കൈലാസ് മേനോന്റെ സംഗീതവും കെ എസ് ഹരിശങ്കറിന്റെ ആലാപനവുമാണ് ഗാനത്തിലെ മുഖ്യ ആകര്‍ഷണം. ചിലരങ്ങനാണ്, എന്തു ചെയ്താലും അതെപ്പോഴും ഹിറ്റ്. ഹരിശങ്കറിന്റെയും കൈലാസ് മോനോന്റെയും കാര്യവും അങ്ങനെ തന്നെ. കൈലാസ് സംഗീതം പകരുന്ന പാട്ടുകളൊക്കെ ഹിറ്റ്. ഹരിശങ്കര്‍ ആലപിക്കുന്ന ഗാനങ്ങള്‍ക്കും ആസ്വാദകര്‍ ഏറെ. തീവണ്ടി എന്ന് സിനിമയിലെ ജീവാംശമായ് താനേ… എന്ന ഗാനത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറിയ ഈ ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുകയാണ്. ‘എടക്കാട് ബറ്റാലിയന്‍ 06’ എന്ന സിനിമയിലെ പാട്ടുകള്‍ക്ക് വേണ്ടി.

എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലെ നീ ഹിമമഴയായ്… എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിയ്ക്കുന്നുണ്ട് ഈ ഗാനത്തിനും. കെ എസ് ഹരിശങ്കറിനൊപ്പം തന്നെ ഗാനത്തിലെ നിത്യയുടെ ആലാപനത്തെയും പ്രശംസിയ്ക്കുന്നുണ്ട് ആസ്വാദകര്‍. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍.

നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്നു. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. നടനും സംവിധായകനുമായ പി ബാലചന്ദ്രന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

തീവണ്ടി എന്ന സിനിമയിലും നായക കഥാപാത്രം ടൊവിനോയായിരുന്നു. നായികയായി ചിത്രത്തിലെത്തിയതും സംയുക്ത മേനോന്‍ തന്നെ. ഇരുവര്‍ക്കുമൊപ്പം കെ എസ് ഹരിശങ്കറും കൈലാസ് മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *