കഴിയ്ക്കുന്നത് നല്ല മൂര്‍ച്ചയുള്ള ചില്ല് കഷ്ണങ്ങള്‍; അനുകരിക്കരുതെന്ന് സോഷ്യല്‍ മീഡിയ: വീഡിയോ

സാഹസികത ഇഷ്ടപ്പെടുന്നവര്‍ നമുക്കിടയില്‍ ഏറെയാണ്. ഇത്തരം ചില സാഹസികതകള്‍ പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലും ഇടം നേടാറുണ്ട്. കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. വീഡിയോയെക്കുറിച്ച് പറയുന്നതിന് മുമ്പേ, വീഡിയോയിലേത് പോലെ അനുകരിക്കുന്നത് അപകടകരമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

മധ്യപ്രദേശിലെ ദിണ്ടോരി സ്വദേശിയായ ദയറാം സാഹു ആണ് ഈ വീഡിയോയിലെ താരം. ഒരു കൂസലുമില്ലാതെ മൂര്‍ച്ചയുള്ള ചില്ലു കഷ്ണങ്ങള്‍ കഴിച്ചുകൊണ്ടാണ് ദയറാം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയനാകുന്നത്. അഭിഭാഷകനാണ് ദയറാം സാഹു. 40-45 വര്‍ഷങ്ങളായി ദയറാം സാഹു ഈ അപൂര്‍വ്വ ഭക്ഷ്യ ശീലം തുടങ്ങിയിട്ട്. നിരവധി മാധ്യമങ്ങളിലും ഇതിനോടകംതന്നെ ഇദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്തകളും വന്നിട്ടുണ്ട്. ചില്ലു കഷ്ണങ്ങള്‍ ഇങ്ങനെ കഴിയ്ക്കുന്നതുകൊണ്ട് ദയറാം സാഹുവിന്റെ പല്ലുകള്‍ക്ക് കേടുകള്‍ സംഭവിച്ചിട്ടുണ്ടെന്നു ദയറാം പറയുന്നു.

അതേസമയം ആരോഗ്യത്തിന് നല്ലതല്ലാത്ത ഈ ശീലം ആരും അനുകരിക്കരുതെന്നും ദയറാം ഓര്‍മ്മപ്പെടുത്തുന്നു. എന്തായാലും ഈ വീഡിയോ ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു.