ആവേശം നിറച്ച് ‘ആഹാ’യിലെ വലിപ്പാട്ട്, ആലപിച്ച് ഇന്ദ്രജിത്ത്; വീഡിയോ

September 8, 2019

മലയാളികളുടെ പ്രിയ താരം ഇന്ദ്രജിത്ത് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ്  ‘ആഹാ’. വടം വലി പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ ഒരു ഗാനമാണ് ഏറെ ശ്രദ്ധേയമാകുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയും അവതരണവുമാണ് ഗാനത്തെ ആകർഷകമാക്കുന്നത്. ജുബിത് നമ്രദത്തിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ആസിഷും ആകാശും ചേർന്നാണ്. ഗാനം ആലപിച്ചിരിക്കുന്നത് ഇന്ദ്രജിത്തും ഹരിനാരായണനും ചേർന്നാണ്. എഡിറ്ററായ ബിബിന്‍ പോള്‍ സാമുവലിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ആഹാ’.

കോട്ടയത്തെ നീളൂര്‍ ഗ്രാമമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാകുന്നത്. റബ്ബര്‍ ടാപ്പിങ്, കാറ്ററിംഗ് പോലുള്ള ജോലികള്‍ ചെയ്യുന്നവരെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിന്റെ കഥ. വടംവലി ഇവരുടെ ജീവിതത്തെ സൂപ്പര്‍ സ്റ്റാറുകളാക്കുന്നു. കേരളത്തിലെതന്നെ ഏറെ പ്രശസ്തമായ വടംവലി ടീമാണ് കോട്ടയം നീളൂരിലെ ആഹാ. തൊണ്ണൂറുകളില്‍ സ്ഥാപിക്കപ്പെട്ട ആഹാ ടീം പങ്കെടുത്തിട്ടുള്ള കളികളില്‍ 72 എണ്ണത്തിലും വിജയം നേടി. പ്രേം എബ്രഹാമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ചിത്രത്തിന്റെ എഡിറ്റിംഗും ബിബിന്‍ പോള്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അഭിനയമികവുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനാണ് ഇന്ദ്രജിത്ത് എന്ന താരം. 1986 ല്‍ പുറത്തിറങ്ങിയ ‘പടയണി’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള ഇന്ദ്രജിത്ത് സുകുമാരന്റെ അരങ്ങേറ്റം. പിന്നീട് ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ‘ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍’ എന്ന സിനിമയിലൂടെ ഇന്ദ്രജിത്ത് വീണ്ടും വെള്ളിത്തിരയിലെത്തി.

Read more: വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം അപ്രതീക്ഷിതമായി സാധിച്ച സന്തോഷത്തിൽ ഒരു മമ്മൂട്ടി ആരാധകൻ; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

2002 ല്‍ ലാല്‍ ജോസ് സംവിധാനം നിര്‍വ്വഹിച്ച ‘മീശമാധവന്‍’ എന്ന ചിത്രത്തിലെ ഈപ്പന്‍ പാപ്പച്ചി എന്ന ഇന്ദ്രജിത്ത് കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായി താരം. മലയാളത്തിനു പുറമെ സന്തോഷ് ശിവന്‍ സംവിധാനം നിര്‍വ്വഹിച്ച ‘റോഡ് ടു ദ് ടോപ്പ്’ എന്ന ഹോളിവുഡ് ചിത്രത്തിലും ഇന്ദ്രജിത്ത് മുഖം കാണിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ അമ്പതില്‍ അധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

സഹോദരന്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ, മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ലൂസിഫര്‍’ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്ന, നിപാ വൈറസിനെ പ്രമയമാക്കി ആഷിഖ് അബു സംവിധാനം നിര്‍വ്വഹിക്കുന്ന ‘വൈറസ്’ ആണ് ഇന്ദ്രജിത്തിന്റേതായി തീയറ്ററുകളിലെത്തിയ അവസാന ചിത്രം.