‘പപ്പാ ചായ താ’; സോഷ്യൽ മീഡിയ നെഞ്ചിലേറ്റിയ ഒരു കുഞ്ഞുവാവ, ഹൃദയംതൊട്ട് ക്യൂട്ട് വീഡിയോ

കുരുന്നുകളുടെ കളിയും ചിരിയും കൊച്ചുവർത്തമാനങ്ങളുമൊക്കെ കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ഇപ്പോഴിതാ കുസൃതിനിറഞ്ഞ കൊച്ചുവർത്തമാനങ്ങളിലൂടെ സോഷ്യൽ മീഡിയ നെഞ്ചേറ്റിയിരിക്കുകയാണ് ഒരു കുട്ടിക്കുറുമ്പിയെ. അച്ഛനൊപ്പം തറയിൽ ഇരുന്ന് ചായ കുടിയ്ക്കുന്ന കുഞ്ഞിമോളുടെ വീഡിയോ ഇതിനോടകം നിരവധിയാളുകളാണ് കണ്ടിരിക്കുന്നത്.

ചായ കുടിച്ചുകൊണ്ടിരിക്കുന്ന പപ്പയ്ക്ക് അരികിലേക്ക് ഒരു കാലി ഗ്ലാസുമായി എത്തുന്ന കുഞ്ഞുമോൾ പപ്പയോട് ചായ ചോദിക്കുന്ന രസകരങ്ങളായ നിമിഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

‘പപ്പ ചായ താ’ എന്ന് പറയുന്ന വാവയോട്, ‘ഇത് പപ്പയുടെ ചായ അല്ലേ, പപ്പയ്ക്ക് കുടിക്കണ്ടേ’ എന്ന്  ചോദിക്കുമ്പോൾ ചായ വേണം എന്ന് പറഞ്ഞു ചിണുങ്ങുകയാണ് കുഞ്ഞാവ. പപ്പ ചായ തരില്ലെന്ന് മനസിലാക്കുന്ന കുട്ടിക്കുറുമ്പി ദേഷ്യത്തിൽ പപ്പയുടെ മുഖത്ത് ഒറ്റയടി കൊടുക്കുന്നുണ്ട്. എന്നാൽ അൽപസമയം  കഴിയുമ്പോൾ ചെയ്തത് ശരിയായില്ല എന്ന് മനസിലാക്കി കുഞ്ഞാവ പപ്പയുടെ മുഖം നിറയെ ഉമ്മ കൊടുക്കുന്നതും വിഡിയോയിൽ കാണാം. പിന്നീട് പപ്പയുടെ കൈയിൽ നിന്നും ചായ വാങ്ങി കുടിച്ച ശേഷമാണ് ആള് ഹാപ്പിയാകുന്നത്.

ഈ കുഞ്ഞുവാവയുടെ കുസൃതിനിറഞ്ഞ കൊച്ചുവാർത്തമാനങ്ങളും ആക്ഷനുമൊക്കെ സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുകയാണ്.

‘കഥ, തിരക്കഥ, സംഭാഷണം, സംഘട്ടനം, ക്യാമറ എല്ലാം വളരെ പെട്ടെന്നായിരുന്നു.. തീർത്തും യാദൃശ്ചികമായിരുന്നു…’എന്ന കുറിപ്പോടെ മുഹമ്മദ് ഹനീഫ് എന്ന വ്യക്തിയാണ് വീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.