പ്രണയം, ദാമ്പത്യം പിന്നെ വേര്‍പിരിയല്‍; ഒടുവില്‍ 33 വര്‍ഷങ്ങള്‍ക്ക് ശേഷം അഗതിമന്ദിരത്തില്‍ അപ്രതീക്ഷിതമായൊരു കൂടിക്കാഴ്ച: സ്‌നേഹകഥ

September 25, 2019

അപൂര്‍വ്വമാണ് പല സ്‌നേഹകഥകളും. അപ്രതീക്ഷിതമായി സംഭവിക്കുന്ന ചിലത്. തികച്ചും വിത്യസ്തമായൊരു സ്‌നേഹകഥയാണ് സുഭദ്രയുടേയും സെയ്തുവിന്റെയും. പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും വേര്‍പിരിയലിന്റെയും ദൂരങ്ങള്‍ താണ്ടി ഒടുവില്‍ ഇരുവരും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. അതും ഒരു അഗതിമന്ദിരത്തില്‍. തലവാചകം വായിക്കുമ്പോള്‍ തന്നെ ഒരായിരം സംശയങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടേക്കാം. പക്ഷെ സുഭദ്രയുടെയും സെയ്തുവിന്റെയും ജീവിതകഥ വായനക്കാരന്റെ ഹൃദയംതൊടുമെന്നുറപ്പ്.

പുല്ലൂറ്റ് നീലക്കംപാറ വെളിച്ചം അഗതി മന്ദിരമാണ് തികച്ചും വിത്യസ്തമായൊരു കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. ഒരിക്കല്‍ രണ്ട് അരുവികളായി വന്ന്, ഒരു പുഴയായ് ഒഴുകി, ഒടുക്കം ഇരുദിശകളിലേയ്ക്ക് വഴിമാറി ഒഴുകേണ്ടി വന്നവരാണ് എണ്‍പത്തിയെട്ടുകാരി സുഭദ്രയും സെയ്തുവും.

Read more:രക്തചുവപ്പില്‍ ആകാശം, എങ്ങും പുകപടലങ്ങള്‍; ഭീതിയിലാഴ്ത്തിയ ആ പ്രതിഭാസത്തിനു പിന്നില്‍: വീഡിയോ

വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യ ഭര്‍ത്താവ് മരിച്ച ശേഷം അച്ഛനോടൊപ്പമായിരുന്നു ചാപ്പാറ സ്വദേശി സുഭദ്രയുടെ ജീവിതം. സുഭദ്രയോട് പ്രണയം തോന്നിയ വട്ടപ്പറമ്പില്‍ സെയ്തു വിവാഹഭ്യര്‍ത്ഥന നടത്തി. അങ്ങനെ ഇരുവരുടെയും വിവാഹവും നടന്നു. 27 വര്‍ഷത്തെ ഒരുമിച്ചുള്ള ദാമ്പത്യജീവിതത്തിനു ശേഷം സെയ്തു ഉത്തരേന്ത്യയിലേയ്ക്ക് ജോലി തേടിപ്പോയി. പിന്നെ മടങ്ങി വന്നില്ല.

കാലങ്ങള്‍ ഏറെക്കഴിഞ്ഞു. രണ്ട് മക്കളും മരണപ്പെട്ട സുഭദ്രയെ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസാണ് അഗതിമന്ദിരത്തില്‍ പ്രവേശിപ്പിച്ചത്. വെളിച്ചം അഗതിമന്ദിരത്തിലെ കെയര്‍ ടേക്കര്‍ കരീമിന്റെ നേതൃത്വത്തിലുള്ള പരിചരണത്തില്‍ സുഭദ്ര ആരോഗ്യവതിയായി.

Read more:സൈക്കിളില്‍ പാഞ്ഞത് ലോറിക്ക് മുന്നിലേക്ക്; പിടിച്ച് നിര്‍ത്തിയ പൊലീസ് രക്ഷകനായി: കൈയടിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ

സെയ്തുവാകട്ടെ വര്‍ഷങ്ങള്‍ ഏറെകഴിഞ്ഞപ്പോള്‍ സ്വന്തം നാട്ടിലേയ്ക്ക് തിരികെയെത്തി. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസുകാര്‍ തന്നെയാണ് സെയ്തുവിനെയും വെളിച്ചം അഗതിമന്ദിരത്തിലെത്തിച്ചത്. സുഭദ്ര 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഗതിമന്ദിരത്തില്‍വച്ച് സെയ്തുവിനെ കാണുന്നത്.

പരസ്പരം ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് സുഭദ്രയും സെയ്തുവും മറ്റ് അന്തേവാസികള്‍ക്കൊപ്പം ഉള്ളു നിറഞ്ഞ് ചിരിയ്ക്കുന്നു.