“അതെന്താ എനിക്കും പാടാന്‍ പാടില്ലേ? ഞാനും ശ്രീനിവാസന്‍റെ മോന്‍ തന്നെയാ”: ധ്യാന്‍ ശ്രീനിവാസനെ ആദ്യമായി കണ്ട അനുഭവം പങ്കുവച്ച് ജൂഡ് ആന്‍റണി

September 5, 2019

മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്റെ ചലച്ചിത്ര കുടുംബത്തിലെ ഇളമുറക്കാരന്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ലൗ ആക്ഷന്‍ ഡ്രാമ. ചിത്രം ഇന്നു മുതല്‍ തീയറ്ററുകളിൽ പ്രദര്‍ശനത്തിനെത്തുന്നു. വടക്കു നോക്കിയന്ത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളായിരുന്നു ദിനേശനും ശോഭയും. ലൗ ആക്ഷന്‍ ഡ്രാമയിലൂടെ ഈ കഥാപാത്രങ്ങളെ പുനഃരവതരിപ്പിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത് നിവിന്‍ പോളിയും നയന്‍ താരയുമാണ്. അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ലൗ ആക്ഷന്‍ ഡ്രാമ. അജു വര്‍ഗീസിനൊപ്പം വിശാല്‍ സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാന്‍ റഹ്മനാണ് ചിത്രത്തിലെ സംഗീത സംവിധായകന്‍. പ്രദീപ് വര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്.

Read more:‘ഈ ഒരവസ്ഥയില്‍ ആ പഴയ ടീച്ചറുടെ മുന്നിലെങ്ങാനും ചെന്നുപെട്ടാല്‍….’ ശ്രദ്ധേയമായി അധ്യാപകദിന സ്‌പെഷ്യല്‍ വീഡിയോ

അതേസമയം ധ്യാന്‍ ശ്രീനിവാസനെ ആദ്യമായി കണ്ട അനുഭവം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകനായ ജൂഡ് ആന്റണി ജോസഫ്.  “വിനീതിന്റെ കൂടെ തട്ടത്തിന്‍ മറയത്തെ ലൊക്കേഷന്‍ കാഴ്ചകള്‍ക്കിടെ വിനീതിന്റ ആന്റിയുടെ വീട്ടില്‍ വച്ചാണ് ധ്യാനിനെ ഞാന്‍ ആദ്യം കാണുന്നത് . അന്ന് അവന്‍ ഒരു ഷോര്‍ട് ഫിലിം ചെയ്യാന്‍ പ്ലാന്‍ ഉണ്ട് എന്നൊക്കെ പറയുന്ന കൂട്ടത്തില്‍ ഒരു പാട്ടു പാടി . അപ്പൊ ഞാന്‍ ചോദിച്ചു ‘ആഹാ നീ പാട്ടൊക്കെ പാടുവോ ?’. അവന്‍ അല്പം ദേഷ്യത്തോടെ മറുപടി പറഞ്ഞു. ‘അതെന്താ എനിക്കും പാടാന്‍ പാടില്ലേ..? ഞാനും ശ്രീനിവാസന്റെ മോന്‍ തന്നെയാ’. അതെ അവനും ശ്രീനിവാസന്‍ സാറിന്റെ മോനാ, വിനീതിന്റെ അനിയനും ഞങ്ങളുടെ കുഞ്ഞനിയനുമാണ്. അവന്റെ പടം നാളെ ഇറങ്ങുകയാണ്. ഒന്ന് ഞാന്‍ ഉറപ്പിച്ചു പറയാം. അവന്‍ നിങ്ങളെ നിരാശരാക്കില്ല.”  ജൂഡ് ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.