‘ടേക്ക് ഓഫിന്’ ശേഷം മഹേഷ് നാരായണനും ഫഹദ് ഫാസിലും ഒന്നിക്കുന്നു; ‘മാലിക്’ ഒരുങ്ങുന്നു

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍ പുതിയ ചിത്രമൊരുക്കുന്നു.  ‘മാലിക്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്.

പാര്‍വതിയും ഫഹദ് ഫാസിലും ഒന്നിച്ച ചിത്രമായിരുന്നു ടേക്ക് ഓഫ്. ചിത്രത്തിലെ അഭിനയത്തിന് പർവതിയെത്തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിരുന്നു. ഫഹദ് ഫാസിലും മഹേഷ് നാരായണനും വീണ്ടും ഒന്നിക്കുന്നതോടെ മികച്ച ചിത്രമായിരിക്കും വെള്ളിത്തിരയില്‍ ഒരുങ്ങുക എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം 25 കോടി മുതൽമുടക്കിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്. ബിജു മേനോൻ, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ആപ്പാനി ശരത്, നിമിഷ സജയൻ എന്നിവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

Read more: ആരാധകർ കാത്തിരുന്ന ‘കൽക്കി’യിലെ ആ ഗാനമിതാ; വീഡിയോ

അതേസമയം ഫഹദ് ഫാസിലിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ട്രാൻസ്. രണ്ടുവർഷത്തിലധികമായി അനൗൺസ് ചെയ്ത സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. അൻവർ റഷീദ് സംവിധാനം നിർവഹിക്കുന്ന ഫഹദ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സംവിധായകനായ അമൽ നീരദാണ്.

അധികം കൊട്ടിഘോഷങ്ങളില്ലാതെ  എത്തി പ്രേക്ഷക ഹൃദയം കീഴടക്കി പോകുന്ന പതിവാണ് ഫഹദ് ചിത്രങ്ങൾക്കുള്ളത്. അതുപോലെ തന്നെ  ഈ ചിത്രവും കാണികളുടെ കൈയടി വാങ്ങുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം.