സ്റ്റാലിനായി മമ്മൂട്ടി; ശ്രദ്ധേയമായ പോസ്റ്ററിന് പിന്നിൽ..!

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പ്രായഭേദമന്യേ ആരാധകരും ഏറെയാണ്. മമ്മൂട്ടി മലയാള സിനിമയ്ക്ക് സമ്മാനിച്ച അവിസ്മരണീയ കഥാപാത്രങ്ങളും നിരവധിയാണ്. സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ് മമ്മൂട്ടിയുടെ പുതിയ ലുക്ക്. ഇത്തവണ സ്റ്റാലിനായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഫിദൽ കാസ്ട്രോ, പിണറായി വിജയൻ എന്നിവരുടെ രൂപപകർച്ചയിൽ മമ്മൂട്ടിയെ പലതവണ അവതരിപ്പിച്ച സാനി യാസ് എന്ന വ്യക്തിയാണ് മമ്മൂട്ടിയുടെ പുതിയ ലുക്കിനും പിന്നിൽ. സ്റ്റാലിൻ എന്ന സാങ്കല്പിക ചിത്രത്തിന്റെ   പോസ്റ്ററാണ് സാനി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. കട്ടി മീശയും തറയ്ക്കുന്ന നോട്ടവുമുള്ള ‘സ്റ്റാലിനാ’യാണ് മമ്മൂട്ടി പോസ്റ്ററില്‍ പ്രത്യക്ഷപെടുന്നത്.

1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. പതിനെട്ടാം പടിയാണ് അദ്ദേഹത്തിന്റേതായി വെള്ളിത്തിരയിൽ എത്തിയ അവസാന ചിത്രം. വക്കീലായും, അധ്യാപകനായും, പട്ടാളക്കാരനായും, കർഷകനായും, ബിസിനസുകാരനായുമെല്ലാം വെള്ളിത്തിരയിൽ തിളങ്ങാറുള്ള താരത്തിന്റെ പോലീസ് വേഷങ്ങളാണ് ആരാധകർക്ക് ഏറെ ഇഷ്ടം. തനിക്ക് ലഭിക്കുന്ന എല്ലാ കഥാപാത്രങ്ങളെയും അതിന്റെ പൂർണതയിൽ എത്തിക്കാൻ എത്രവേണമെങ്കിലും കഷ്‌ടപ്പെടാൻ തയാറുള്ള താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും മലയാളികൾ സ്വീകരിച്ചത് അവരുടെ ഹൃദയത്തിലേക്കാണ്.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം തന്റെ അഭിനയ മികവ് പുലർത്തിയിട്ടുണ്ട്. 400 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.