ഇത് ആരും പറയാത്ത കഥ; റെയിൽവേ ഗാർഡ്സിന്‍റെ കഥയുമായി പൃഥ്വി

സംവിധായകനും അഭിനേതാവുമായി വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരൻ. താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് റെയിൽവേ ഗാർഡ്. ദീപു കരുണമാണ് ചിത്രം സംവിധാനം  ചെയ്യുന്നത്. ‘ഫയർമാൻ’ എന്ന  മമ്മൂട്ടി ചിത്രത്തിന് ശേഷം ദീപു കരുണൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് റെയിൽവേ ഗാർഡ്.

വളരെയധികം കഷ്ടപ്പാടുകൾ അനുഭവിക്കുന്ന റെയിൽവേ ഗാർഡുകളുടെ കഥ പറയുന്ന ചിത്രമാണ് റെയിൽവേ ഗാർഡ്. ആരും ഇതുവരെ പറയാത്ത റെയിൽവേ ഗാർഡുകളുടെ കഥ. ‘കനത്ത ചൂടും, മരവിപ്പിക്കുന്ന തണുപ്പും, ഇരുണ്ട രാത്രികളും, തീവണ്ടി എന്‍ജിന്റെ ശബ്ദവും മാത്രം കൂട്ടുള്ള യഥാർത്ഥ ഹീറോകളായ റെയിൽവേ ഗാർഡുകളുടെ കഥയാണ് ചിത്രം പറയുന്നതെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം പൃഥ്വിയുടേതായി അണിയറയിൽ ഒരുക്കം പൂർത്തിയായ ചിത്രമാണ് ബ്രദേഴ്‌സ് ഡേ. കലാഭവൻ ഷാജോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ഓണത്തോട് അനുബന്ധിച്ച് ബ്രദേഴ്‌സ് ഡേ തീയറ്ററുകളിലെത്തും. അടി, ഇടി, ഡാന്‍സ്, ബഹളം എന്നിവയെല്ലാം ചിത്രത്തിലുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെതന്നെ പൃഥ്വിരാജ് കുറിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തില്‍ ചിത്രത്തിന്റെ ട്രെയ്‌ലറും അടുത്തിടെ പുറത്തെത്തിയിരുന്നു.

Read also: മലയാളത്തിന് ഇത് അഭിമാനനിമിഷം; വെനീസ് ചലച്ചിത്ര മേളയില്‍ ചോല, വീഡിയോ 

‘ബ്രദേഴ്‌സ് ഡേ’ എന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും കലാഭവന്‍ ഷാജോണ്‍ തന്നെയാണ്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. പ്രയാഗ മാര്‍ട്ടിന്‍, മിയ, മഡോണ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടിയുള്ള പൃഥ്വിരാജിന്റെ മെയ്ക്ക് ഓവറും ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. കട്ടത്താടിയുള്ള ലുക്കാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റേത്.