ചൊവ്വ യാത്ര: ദുരന്തം സംഭവിച്ചാല്‍ രക്ഷപ്പെടാം, പരീക്ഷണം തുടര്‍ന്ന് സ്റ്റാര്‍ഹൂപ്പര്‍: വീഡിയോ

September 16, 2019

പരീക്ഷണങ്ങള്‍ തുടരുകയാണ് ചൊവ്വാ യാത്രയ്ക്കുള്ള ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ഹൂപ്പര്‍ എന്ന റോക്കറ്റ്. സ്റ്റാര്‍ഹൂപ്പര്‍ റോക്കറ്റിന്റെ വിവിധ പരീക്ഷണ വീഡിയോകളും സ്‌പേസ് എക്‌സ് പുറത്തുവിടുന്നുണ്ട്. സ്റ്റാര്‍ഹൂപ്പര്‍ റോക്കറ്റ് വിക്ഷേപണ തറയില്‍ നിന്നും 150 മീറ്റര്‍ പറന്നുയരുകയും തൊട്ടടുത്ത തറയിലേക്ക് സുരക്ഷിതമായി ഇറങ്ങുകയും ചെയ്തിരുന്നു.

അതേസമയം സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിന് എന്തെങ്കിലും സംഭവിച്ചാല്‍ രക്ഷപ്പെടുന്നതിനുള്ള സംവിധാനങ്ങളും പരീക്ഷണങ്ങളും തുടരുകയാണ്. പരീക്ഷണം വിജയകരമായാല്‍ ക്രൂ ഡ്രാഗണിനെ ഭ്രമണപഥത്തിലെത്തിക്കുന്ന റോക്കറ്റില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും. ശേഷം ഒരു പാരച്യൂട്ടില്‍ സുരക്ഷിതമായി ഇറങ്ങാനാകും. ഇതിനായുള്ള പരീക്ഷണങ്ങളാണ് പുരോഗമിക്കുന്നത്.


എട്ട് സൂപ്പര്‍ ഡ്രാക്കോ എന്‍ജിനുകളുണ്ട് പേടകത്തില്‍. 7.5 സെക്കന്റിനുള്ളില്‍ അരമൈല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും ഈ റോക്കറ്റിന്. മണിക്കൂറില്‍ 700 കിലോമീറ്റര്‍ വേഗംവരെ റോക്കറ്റിനുണ്ടാകും എന്നാണ് സ്‌പേസ് എക്‌സ് വ്യക്തമാക്കുന്നത്. അതേസമയം ഏപ്രിലില്‍ നടന്ന സിസ്റ്റം ടെസ്റ്റിനിടെ ആദ്യത്തെ ക്രൂ ഡ്രാഗണ്‍ കാസ്യൂള്‍ പൊട്ടിത്തെറിച്ചിരുന്നു. ക്രൂ ഡ്രാഗണിന്റെ ക്രൂഡ് ടെസ്റ്റ് ഫ്‌ളൈറ്റിന്റെ ഭാഗമായി രണ്ട് നാസ ബഹിരാകാശയാത്രികരെ ഭ്രമണപഥത്തിലേയ്ക്ക് അയക്കുന്നതിനുള്ള ഫാല്‍ക്കണ്‍ 9 ബൂസ്റ്ററുകളുടെ ആദ്യഘട്ടം അടുത്തിടെ സ്‌പേസ് എക്‌സ് പരീക്ഷിച്ചിരുന്നു. എന്നാല്‍ ടെസ്റ്റ് ഫ്‌ളൈറ്റ് എപ്പോള്‍ നടക്കുമെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല.