ചരിത്രം സൃഷ്ടിക്കാൻ നരസിംഹ റെഡ്‌ഡി; മണിക്കൂറുകൾക്കുള്ളിൽ ട്രെയ്‌ലർ കണ്ടത് അമ്പത് ലക്ഷത്തിലധികം കാഴ്ചക്കാർ

September 19, 2019

ചിരഞ്ജീവി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൈറാ നരസിംഹ റെഡ്‌ഡി.’ സ്വാതന്ത്യ സമരസേനാനി നരസിംഹ റെഡ്ഡിയായി ചിരഞ്ജീവി എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ്  ട്രെയ്‌ലർ കണ്ടിരിക്കുന്നത്. ഒക്ടോബർ 2 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. 250 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.

രായൽസീമയിലെ സ്വാതന്ത്ര സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്‌ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടെ ഗുരുവിന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ എത്തുന്നത്. തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയും ബിഗ്‌ബി അമിതാഭ് ബച്ചനും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിൽ സിദ്ദമ്മ എന്ന രാജകുമാരിയുടെ വേഷത്തിൽ നയൻതാരയും എത്തുന്നുണ്ട്.

സുരീന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, ജഗപതി ബാബു, കിച്ചാ സുദീപ്, തമന്ന എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യും.

Read also: ഒഴിവു ദിവസം മീൻ പിടിക്കാൻ ഇറങ്ങി; വലയിൽ കുടുങ്ങിയത് വിചിത്ര മത്സ്യം, വീഡിയോ

ചിത്രത്തിനായി വിജയ് സേതുപതി സന്യാസിയുടെ വേഷത്തിലെത്തുന്ന ചിത്രങ്ങളും നേരത്തെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ചരിത്ര സിനിമയായ സെയ് റാ നരസിംഹ റെഡ്ഡി ആക്ഷൻ രംഗങ്ങള്‍ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചിലവിടുന്നതെന്നാണ് സൂചന. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അമിത് ത്രിവേദിയാണ്.