മോഹന്‍ലാലും തിലകനും സുരേഷ് ഗോപിയും…കൈയടിക്കാതിരിക്കാനാവില്ല ഈ അനുകരണത്തിന് മുമ്പില്‍: വീഡിയോ

October 29, 2019

കലാകാരന്മാര്‍ക്ക് അവസരങ്ങളുടെ പുതിയ വാതായനങ്ങള്‍ തുറക്കാറുണ്ട് പലപ്പോഴും സാമൂഹ്യ മാധ്യമങ്ങള്‍. വൈകല്യങ്ങളെ അതിജീവിച്ച് മിമിക്രി എന്ന കലാപ്രകടനത്തിലൂടെ സാമൂഹ്യ മാധ്യമങ്ങളുടെ കൈയടി നേടുകയാണ് അജീഷ് വി അബി എന്ന കലാകാരന്‍. കൈയടിക്കാതിരിക്കാനാവില്ല ഈ മിടുക്കന്റെ പ്രകടനത്തിന് മുമ്പില്‍. അനീഷിന്റെ മനോഹരമായ പെര്‍ഫോമെന്‍സ് ഇതിനോടകംതന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.

കൊല്ലം പത്തനാപുരത്തെ ഗാന്ധിഭവനിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള സ്‌പെഷ്യല്‍ സ്‌കൂളിലെ താരമാണ് ഈ മിടുക്കന്‍. ഗാന്ധിഭവന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദങ്ങള്‍ അനുകരിക്കുന്നതോടൊപ്പം ചലച്ചിത്ര താരങ്ങളുടെ ശബ്ദങ്ങളും അജീഷ് അതിഗംഭീരമായി അനുകരിക്കുന്നു.

കൊല്ലം ആവണീശ്വരത്ത് അബി വര്‍ഗീസിന്റെയും ഷീജയുടെയും മകനാണ് അജീഷ്. ഓട്ടിസവും ഡൗണ്‍ സിന്‍ഡ്രവും കാഴ്ചക്കുറവും ഉണ്ടെങ്കിലും തളരാതെ വൈകല്യങ്ങളോട് പൊരുതുകയാണ് ഈ മിടുക്കന്‍. അഭിനയത്തെ ഏറെ ഇഷ്ടപ്പെടുന്ന അജീഷിന്റെ മിമിക്രി പ്രകടനത്തിന് മുമ്പില്‍ നിറഞ്ഞ് കൈയടിക്കുകയാണ് കാഴ്ചക്കാര്‍.

കൊല്ലം ജില്ലയിലെ പത്തനാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാന്തിഭവന്‍ ആരോരുമില്ലാത്ത അനേകര്‍ക്ക് സ്‌നേഹത്തിന്റെ തണലൊരുക്കുകയാണ്. ബാല/വൃദ്ധ ശരണാലയം, സാന്ത്വന ചികിത്സാലയം, ലഹരി ചികിത്സാ പുനരധിവാസ കേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ ഗാന്ധിഭവന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോ പുനലൂര്‍ സോമരാജനാണ് ഗാന്ധിഭവന്‍ എന്ന ജീവകാരുണ്യ പ്രസ്ഥാനം ആരംഭിയ്ക്കുന്നത്.

ശൈശവ പ്രായം മുതല്‍ വൃദ്ധവയോധികര്‍ വരെ അടങ്ങുന്ന നിരവധിപേര്‍ ഗാന്ധിഭവനില്‍ അന്തേവാസികളായുണ്ട്. ഭിന്നശേഷി വിഭാഗത്തില്‍പെടുന്ന കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍, ഉപേക്ഷിക്കപ്പെട്ട കുഞ്ഞു കുട്ടികളുടെ ഡേ കെയര്‍, ചില്‍ഡ്രന്‍സ് ഹോം, വൊക്കേഷ്ണല്‍ സ്റ്റഡി സെന്റര്‍ (വൃദ്ധ പരിചരണം, ഹോമിയോ ഡിസ്‌പെന്‍സിംഗ്, യോഗ, തയ്യല്‍ തുടങ്ങിയവയില്‍ പരിശീലനം), സാന്ത്വന ചികിത്സ തുടങ്ങിയവയാണ് ഗാന്ധിഭവന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.