“ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്”; കയറ്റം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

October 30, 2019

മലയാള ചലച്ചിത്രലോകത്തെ ശ്രദ്ധേയമായ താരമാണ് മഞ്ജു വാര്യര്‍. 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് സല്ലാപം എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി. മലയാള ചലച്ചിത്ര ആസ്വദകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് നടി മഞ്ജു വാര്യര്‍. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014 ല്‍ മെയ് മാസം തീയറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി.

അതേസമയം മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കയറ്റം. സനല്‍ കുമാര്‍ ശശിധരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. അതേസമയം കയറ്റം എന്ന സിനിമയെക്കുറിച്ച് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. കയറ്റം എന്ന സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണെന്ന് സനല്‍കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അങ്ങനെ കയറ്റം ഷൂട്ട് കഴിഞ്ഞു. ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴുക്കമുള്ള ഒരു യാത്രയായിരുന്നു അത്. എന്താണ് സിനിമ എന്നതിനേക്കാള്‍ എന്താണ് മനുഷ്യന്‍ എന്ന് മനസിലാക്കാന്‍ കഴിയുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ മുന്നില്‍ കൊണ്ടുവെച്ച് കുരുക്കഴിച്ചുകൊണ്ട് സിനിമ സ്വയം രൂപം കൊള്ളുന്നത് ഞാനെന്റെ കാണ്ണാലെ കണ്ടു. ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്.. എന്നോ മനസ്സില്‍ വന്നു മറന്നു തുടങ്ങിയിരുന്ന ഒരു കഥാതന്തു ആകസ്മികമായുണ്ടായ ഒരു സംഭാഷണത്തിനിടെ അവരോടു സൂചിപ്പിച്ചതാണ്. പിന്നെയെല്ലാം സംഭവിക്കുകയായിരുന്നു. മൂന്നോ നാലോ ദിവസം കൊണ്ടാണ് എഴുതി തീര്‍ത്തത്.

ഒട്ടും അനുകൂലമല്ലാത്ത സാഹചര്യങ്ങളിലായിരുന്നു ഷൂട്ട്.. പക്ഷെ സിനിമ പൂര്‍ത്തിയാക്കി തിരിച്ചുപോകുമ്പോള്‍ എല്ലാവരും സന്തുഷ്ടരായിരുന്നു. സ്‌നേഹവും മനുഷ്യപ്പറ്റും നിറഞ്ഞുനിന്ന ആ ദിനങ്ങള്‍ ഒരു നൊസ്‌റാള്‍ജിയയാവും. ഈ യാത്രയില്‍ കൂടെ നടന്ന  എല്ലാവര്‍ക്കും നന്ദി.. ഈ സിനിമ തീര്‍ച്ചയായും ചന്ദ്രു സെല്‍വരാജ് എന്ന ക്യാമറാമാന്റെയും രതീഷ് എന്ന സംഗീത സംവിധായകന്റെയും വരവറിയിക്കും. എല്ലാവര്‍ക്കും നന്ദി