ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാനകഥാപാത്രങ്ങള്‍, സംവിധാനം എം പത്മകുമാര്‍; പുതിയ ചിത്രമൊരുങ്ങുന്നു

October 9, 2019

മലയാളികളുടെ പ്രിയതാരങ്ങളായ ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി പുതിയ സിനിമ ഒരുങ്ങുന്നു. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം. ജോസഫ്, മാമാങ്കം എന്നി ചിത്രങ്ങള്‍ക്ക് ശേഷം എം പത്മകുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം ഫാമിലി ത്രില്ലറാണ്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

”മാമാങ്കത്തിന് ശേഷം ഞാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലിയും, സുരാജ് വെഞ്ഞാറമൂടും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. അഭിലാഷ് പിള്ളയുടെ രചനയില്‍ ഒരുങ്ങുന്ന ഈ ഫാമിലി ത്രില്ലറില്‍ രതീഷ് റാം ക്യാമറയും, രഞ്ജിന്‍ സംഗീതവും, കിരണ്‍ദാസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. മഹിമ നമ്പ്യാര്‍, സ്വാസിക തുടങ്ങിയവര്‍ക്കൊപ്പം വലിയ താരനിര അണിനിരക്കുന്ന ത്രില്ലെര്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ് ആണ് .” എം പത്മകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Read more:‘പ്രായമൊക്കെ വെറുമൊരു നമ്പറല്ലേ’; മനോഹരമാണീ നൃത്തം: മുത്തശ്ശിക്ക് സോഷ്യല്‍മീഡിയയുടെ കൈയടി

അതേസമയം എം പത്മകുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന മാമാങ്കം എന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായക കഥാപാത്രമായെത്തുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് മാമാങ്കം.

ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനും ചിത്രത്തില്‍ എത്തുന്നുണ്ട്. പ്രാചി തെഹ്ലാനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. അതേസമയം ചിത്രത്തിനു വേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്കും ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നുണ്ട്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം.