മൊഞ്ചുള്ള ഒരു കല്യാണപ്പാട്ട്; കൈയടി നേടി ‘എടക്കാട് ബറ്റാലിയന്‍ 06’-ലെ ഷഹനായ് ഗാനം: വീഡിയോ

മനോഹരമായ ഗാനങ്ങള്‍ക്ക് എക്കാലത്തും ആരാധകര്‍ ഏറെയാണ്. പാട്ടുപ്രേമികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവം സമ്മാനിക്കുകയാണ് എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലെ പുതിയ ഗാനം. വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ഗാനം ദൃശ്യ ഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്നു. മനു മഞ്ജിത്തിന്റേതാണ് ഗാനത്തിലെ വരികള്‍. സിതാര കൃഷ്ണകുമാറും യാസിന്‍ നിസാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൈലാസ് മേനോന്റെ സംഗീതമാണ് ഗാനത്തിന്റെ മറ്റൊരു ആകര്‍ഷണം.

മനോഹരങ്ങളായ നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. സംയുക്ത മേനോന്‍ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലെ ‘നി ഹിമമഴയായ്…’ എന്നു തുടങ്ങുന്ന ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. ആസ്വാദകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ഈ ഗാനത്തിനും ലഭിയ്ക്കുന്നതും.

നടനും സംവിധായകനുമായ പി ബാലചന്ദ്രന്റേതാണ് എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിന്റെ തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകള്‍ക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിയ്ക്കുന്നത്.

Read more:അഭിനയത്തില്‍ അതിശയിപ്പിച്ച് സുരാജ് വെഞ്ഞാറമൂടും സൗബിനും; ‘വികൃതി’ മെയ്ക്കിങ് വീഡിയോ

ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രത്തിന്റെ ആദ്യത്തെ ടീസര്‍ ഒരുക്കിയത്. രണ്ടാമത്തെ ടീസറില്‍ കുടുംബബന്ധങ്ങളുടെ ആഴവും പരപ്പുമായിരുന്നു നിഴലിച്ചിരുന്നത്. പ്രണയം നിറച്ചാണ് ചിത്രത്തിന്റെ മൂന്നാമത്തെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. ആക്ഷനും പ്രണയവും കുടുംബസ്‌നേഹവുമെല്ലാം ഒരു സിനിമയില്‍ ഇഴചേര്‍ക്കപ്പെടുകയാണ് എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലൂടെ.

എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രത്തില്‍ ഒരു പട്ടാളക്കാരനായാണ് ടൊവിനോ തോമസ് എത്തുന്നത്. ഒരു പട്ടാളക്കാരന്റെ ജീവിതചുറ്റുപാടുകളാണ് ചിത്രത്തിന്റെ പ്രമേയം. ദിവ്യ പിള്ളെ, പി ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദുചൂഢന്‍, ശാലു റഹീം തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് എടക്കാട് ബറ്റാലിയന്‍ 06ല്‍. ഒക്ടോബര്‍ 18 ന് ചിത്രം തിയറ്ററുകളിലെത്തും.