യുഎഇയില്‍ ഹെവി ബസ് ലൈസന്‍സ് നേടുന്ന ആദ്യ വനിതയായി സുജ തങ്കച്ചന്‍; മലയാളികള്‍ക്ക് അഭിമാനം

യുഎഇയില്‍ പുതു ചരിത്രം കുറിച്ചിരിക്കുകയാണ് മലയാളിയായ സുജ തങ്കച്ചന്‍. യുഎഇയില്‍ ഹെവി ബസ് ലൈസന്‍സ് നേടുന്ന ആദ്യ വനിത എന്ന റെക്കോര്‍ഡ് ഇനി സുജയ്ക്ക് സ്വന്തം. കൊല്ലം കരീപ്പുഴ തൃക്കടവൂര്‍ സ്വദേശിനിയാണ് സുജ.

നാട്ടില്‍ സ്‌കൂട്ടര്‍ ഓടിച്ചു പരിചയമുള്ള സുജ ഇനി മുതല്‍ ദുബായില്‍ ബസോടിക്കും. തന്റെ ദീര്‍ഘനാളത്തെ സ്വപ്‌നമാണ് ഹെവി ലൈസന്‍സിലൂടെ സുജ സ്വന്തമാക്കിയിരിക്കുന്നത്. ദുബായില്‍ ഒരു സ്വകാര്യ സ്‌കൂള്‍ ബസില്‍ കണ്ടക്ടറായിരുന്നു സുജ. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സുജ ദുബായിലെത്തിയത്. കണ്ടക്ടര്‍ ജോലി ചെയ്യുന്നതിനിടെയിലും ബസ് ഓടിക്കണമെന്നത് സുജയുടെ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നം സഫലമാക്കുന്നതിനുവേണ്ടി സുജ എന്ന മുപ്പത്തിരണ്ടുകാരി കഠിനാധ്വാനം ചെയ്തുതുടങ്ങി. ഒടുവില്‍ ആ സ്വപനം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

Read more:‘ചൊവ്വ കുലുങ്ങി’; ഭൂമിയില്‍ ഇതുവരെ ആരും കേള്‍ക്കാത്ത ആ ശബ്ദം പങ്കുവച്ച് നാസ: വീഡിയോ

ഹെവി ലൈസന്‍സ് സ്വന്തമാക്കണമെന്ന തന്റെ ആഗ്രഹം സ്‌കൂള്‍ അധികൃതരോടും വീട്ടുകാരോടും സുജ പങ്കുവച്ചപ്പോള്‍ മികച്ച പിന്തുണയുമായി അവരെല്ലാവരും ഒപ്പം ചേര്‍ന്നു. ഹെവി ലൈസന്‍സ് ടെസ്റ്റില്‍ ആറ് തവണ ശ്രമിച്ച് പരാജയപ്പെട്ടിട്ടും സുജ തളര്‍ന്നില്ല. എന്നാല്‍ ഏഴാം തവണത്തെ ശ്രമം സുജയ്ക്ക് വിജയം സമ്മാനിച്ചു, ഒപ്പം ചരിത്രനേട്ടവും.