വാര്‍ത്ത അവതരണത്തിനിടെ അമ്മയ്ക്കരികിലേക്ക് ഓടിയെത്തി മകന്‍; പിന്നെ കുഞ്ഞുകുസൃതികള്‍; ചിരിയുണര്‍ത്തി ഈ ‘ബ്രേക്കിങ് ന്യൂസ്’

അപ്രതീക്ഷിതമായി സംഭവിയ്ക്കുന്ന പലതും ‘ബ്രേക്കിങ് ന്യൂസായി ഇക്കാലത്ത് ചാനലുകളില്‍ ഇടം നേടുന്നു. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ് രസകരമായ ഒരു ബ്രേക്കിങ് ന്യൂസ്. വാര്‍ത്ത അവതാരകയായ അമ്മയും മകനുമാണ് ഈ വീഡിയോയിലെ താരങ്ങള്‍.

ലൈവായി വാര്‍ത്ത അവതരിപ്പിക്കുകയായിരുന്നു അമ്മ. എന്നാല്‍ അപ്രതീക്ഷിതമായി ഫ്രെയിമിലേയ്ക്ക് ഓടിക്കയറിയ മകനാണ് വാര്‍ത്തയില്‍ താരമായത്. എംഎസ്എല്‍ബിസി ചാനലിന്റെ റിപ്പോര്‍ട്ടര്‍ കോട്‌നി കൂബും മകനുമൊത്തുള്ളതാണ് ഈ രസകരമായ വീഡിയോ. ചാനല്‍ തന്നെയാണ് സമൂഹ്യ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവച്ചതും. അമ്മയ്ക്കരികിലേയ്ക്ക് ഓടിയെത്തിയ മകന്‍ ചെറിയ കുസൃതികള്‍ കാട്ടുന്നതും ചിരിയ്ക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. മകന്‍ അരികിലേയ്ക്ക് എത്തിയപ്പോള്‍ ‘ക്ഷമിക്കൂ, മക്കള്‍ എനിക്കൊപ്പമുണ്ട്’ എന്നു പറഞ്ഞുകൊണ്ടാണ് കോട്‌നി റിപ്പോര്‍ട്ടിങ് തുടര്‍ന്നത്.

Read more:മൊഞ്ചുള്ള ഒരു കല്യാണപ്പാട്ട്; കൈയടി നേടി ‘എടക്കാട് ബറ്റാലിയന്‍ 06’-ലെ ഷഹനായ് ഗാനം: വീഡിയോ

‘ചിലപ്പോഴൊക്കെ അവിചാരിതമായ ബ്രേക്കിങ് ന്യൂസുകള്‍ നിങ്ങള്‍ ബ്രേക്കിങ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സംഭവിക്കാം’ എന്ന അടിക്കുറിപ്പോടെയാണ് ചാനല്‍ രസകരമായ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. വര്‍ക്കിങ് മോംമസ് എന്ന ഹാഷ്ടാഗോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ വീഡിയോ ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകംതന്നെ കണ്ടുകഴിഞ്ഞു.