ഉണ്ണി മേനോന്റെ ആര്‍ദ്രമായ ആലപനം; ശ്രദ്ധ നേടി ഈ പ്രണയഗാനം: വീഡിയോ

പാട്ടുകളെ ഇഷ്ടപ്പെടാത്തവര്‍ വിരളമാണ്. പ്രത്യേകിച്ച് പ്രണയഗാനങ്ങളെ. മനോഹരങ്ങളായ പ്രണയഗാനങ്ങള്‍ക്ക് എക്കാലത്തും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സംഗീത ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് മനോഹരമായ ഒരു പ്രണയഗാനം. പട്ടം എന്ന ചിത്രത്തിലെ ‘വെയിലിന്‍ ചുംബനങ്ങളേറ്റുണരും മഞ്ഞുതുള്ളിയില്‍…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.

മലയാളികളുടെ പ്രിയ ഗായകന്‍ ഉണ്ണി മേനോന്റെ ആര്‍ദ്രമായ ആലപനംതന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. ഒരിടവേളയ്ക്ക് ശേഷം ‘ഗാനഗന്ധര്‍വ്വന്‍’ എന്ന ചിത്രത്തിന് വേണ്ടി ഉണ്ണി മേനോന്‍ പാടിയിരുന്നു. ആ ഗാനവും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടി. പ്രിയഗായകന്റെ തിരിച്ചുവരവ് ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകരും. പട്ടം എന്ന ചിത്രത്തിലെ പ്രണയഗാനത്തിനും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ശ്രീജിത്ത് ആണ് ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത്. പ്രശാന്ത് മോഹന്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

Read more:ദേ, ഇവനാണ് സോഷ്യല്‍ മീഡിയയില്‍ കൈയടി നേടിയ ആ ട്രോള്‍ വീഡിയോയുടെ എഡിറ്റര്‍

രജീഷ് വി രാജ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് പട്ടം. ജാസിം റഷീദ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നു. വിപിന്‍ രാജ്, ഗോപു പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അഖില്‍ രാജ് പുത്തന്‍ വീട്ടിലാണ് സിനിമയുടെ ചിത്രസംയോജനം. ചിറ്റു എബ്രഹാം, റിഷ പി ഹരിദാസ്, ശ്രീദര്‍ശ്, ലയന, ജിഷ്ണു രവീന്ദ്രന്‍, ശരണ്യ കെ സോമന്‍, മാത്യു ജോട്ടി, അപര്‍ണ മേനോന്‍, ജാസിം റഷീദ്, ജയന്‍ ചേര്‍ത്തല തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.