നായകനായി സുരാജ്, ഹിഗ്വിറ്റ ഒരുങ്ങുന്നു; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് താരങ്ങൾ

വെള്ളിത്തിരയിൽ അഭിനയവസന്തം സൃഷ്ടിക്കുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. മികവുറ്റ കഥാപാത്രങ്ങളെ സ്‌ക്രീനിൽ എത്തിക്കുന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു. മലയാളത്തിലെ ഒരുപറ്റം പ്രമുഖ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പേര് പുറത്തുവിട്ടത്. ഹിഗ്വിറ്റ എന്നാണ് ചിത്രത്തിന്റെ പേര്. പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരന്‍, സൗബിന്‍ സാഹിര്‍, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിൽ ടൈറ്റിൽ പങ്കുവച്ചത്.

ഹേമന്ത് ജി നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബോബി തര്യനും സജിത്ത് അമ്മയുമാണ്. സുരാജിനൊപ്പം വെങ്കി, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, മാമൂക്കോയ, സുധീഷ്, മഞ്ജു പിള്ള, ശ്രീലക്ഷ്മി, നവാസ് വള്ളികുന്ന്, ഐ എം വിജയന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസില്‍ നാസറും സംഗീതം രാഹുല്‍ രാജുമാണ് കൈകാര്യം ചെയ്യുന്നത്.

അതേസമയം ഈ വർഷം അവസാനത്തോടെ ഹിഗ്വിറ്റയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.

അതേസമയം സുരാജിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5. 25 ആണ്. മികച്ച പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രത്തിൽ  സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡ് ആണ് മറ്റൊരു ആകര്‍ഷണം. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നവാഗത സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം മൂൺഷോർട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് നിർമ്മിക്കുന്നത്. ചിത്രത്തിലെ സുരാജിന്റെ ലുക്കും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.